ബ്രാറ്റിസ്ലാവ: സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ(59)യ്ക്ക് വെടിവെപ്പിൽ പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സംശയിക്കപ്പെടുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിൽ നിന്ന് 150 കിലോമീറ്റർ വടക്കുകിഴക്കായി ഹാൻഡ്‌ലോവ പട്ടണത്തിലാണ് സംഭവം നടന്നത്. പ്രാദേശിക ഹൗസ് ഓഫ് കൾച്ചറിനു മുന്നിൽ അനുയായികളെ കാണുന്നതിനിടെയാണ് റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റത്. വയറിലാണ് വെടിയേറ്റത്. അക്രമി നാലു തവണ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.
സ്ലോവാക്യയുടെ പാർലമെൻ്റിൻ്റെ ഡെപ്യൂട്ടി സ്പീക്കർ ലൂബോസ് ബ്ലാഹ ആക്രമണം സ്ഥിരീകരിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പാര്‍ലമെന്റ് നിര്‍ത്തിവച്ചു. പ്രധാനമന്ത്രിക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് സ്ലൊവാക്യൻ പ്രസിഡൻ്റ് സുസാന കപുട്ടോവ പറഞ്ഞു.