സിയോൾ: രാജ്യത്ത് പട്ടാള നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിൻ്റെ നീക്കം.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് അദ്ദേഹത്തിൻ്റെ വസതിയിലെത്തി. എന്നാൽ സംഘത്തെ പ്രസിഡന്റിന്റെ സുരക്ഷാ സേന ഔദ്യോഗിക വസതിക്ക് മുന്നിൽ തടഞ്ഞു.
പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് യൂണിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് പട്ടാള നിയമം ചുമത്താനുള്ള യോളിൻ്റെ ഹ്രസ്വകാല ശ്രമത്തിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട്.
അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോള്‍ വെസ്‌റ്റേണ്‍ ഡിസ്ട്രിക്ട് കോടതിയാണ് യോളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വാറണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രസിഡന്റിന്റെ സുരക്ഷാ സേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂൻ കഴിഞ്ഞ ദിവസം വസതിക്ക് മുന്നില്‍ തടിച്ച് കൂടിയവരോട് പറഞ്ഞിരുന്നു.