/sathyam/media/media_files/fWAZe5eM8Nhj9Jh79NHq.jpg)
കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തനിക്ക് അറിയാമെന്ന് മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഇത് ആരാണ് ചെയ്തതെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം കാന്‍ഡിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സിരിസേനയുടെ പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അഞ്ച് മണിക്കൂർ നീണ്ട മൊഴി രേഖപ്പെടുത്തിയതായി പൊലീസ് വക്താവ് എസ്എസ്‌പി നിഹാൽ തൽദുവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2019 ഏപ്രിൽ 21 ന് നടന്ന ബോംബ് സ്‌ഫോടനങ്ങൾ ഐഎസുമായി ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പായ നാഷണൽ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള ഒമ്പത് ചാവേർ ബോംബർമാരാണ് നടത്തിയത്. ശ്രീലങ്കയിലെ മൂന്ന് പള്ളികളും മൂന്ന് ആഡംബര ഹോട്ടലുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 269 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
അതേസമയം, ഈസ്റ്റര്‍ ദിനത്തിലെ പള്ളിയിലെ ചടങ്ങുകള്‍ക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ശ്രീലങ്കൻ പൊലീസ് അറിയിച്ചു. ദുഃഖവെള്ളി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പാക്കാൻ പൊലീസ് മേധാവി ദേശബന്ധു തെന്നക്കോൺ നിർദേശം നൽകി.
ദുഃഖവെള്ളിയാഴ്ചയിലും ഈസ്റ്റർ ഞായറാഴ്‌ചയും എല്ലാ പള്ളികളിലും സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിക്കുമെന്ന് നിഹാൽ തൽദുവ പറഞ്ഞു. ചില പള്ളികളിൽ പൊലീസ് പ്രത്യേക ദൗത്യസേനയെയും വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ചില പള്ളികൾക്ക് സുരക്ഷയൊരുക്കാൻ സൈന്യത്തിൻ്റെ സഹായം ലഭ്യമാക്കുമെന്നും പൊലീസ് വക്താവ് അറിയിച്ചു.