ഒരു മാസം നീണ്ട യുദ്ധത്തിനിടെ ഇസ്രയേലും ഹമാസും യുഎസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. അമ്പതിലേറെ ബന്ദികളെ മോചിപ്പിക്കുന്നതിനും തുടര്‍ന്നുള്ള പോരാട്ടത്തിന് അഞ്ച് ദിവസത്തെ ഇടവേളയും ഉറപ്പാക്കുന്നതിനുമായാണ് കരാര്‍. ഗാസയില്‍ ഇസ്രായേല്‍ സേന നടത്തുന്ന കര ആക്രമണം നിര്‍ത്തിവെക്കുന്നതിന് പകരമായി ബന്ദികളെ ഓരോ 24 മണിക്കൂറിലും ചെറിയ ബാച്ചുകളായി മോചിപ്പിക്കും. ആറ് പേജുള്ള കരാറാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇസ്രായേല്‍, യുഎസ്, ഹമാസ് എന്നിവര്‍ക്കിടയിലാണ് കരാര്‍ ഉണ്ടാക്കിയത്. ഇതിന് ഖത്തറില്‍ നിന്നുള്ള മധ്യസ്ഥരാണ് നേതൃത്വം നല്‍കിയത്. ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.
അതേസമയം ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് വക്താവ് തള്ളിക്കളഞ്ഞു . ''ഇതുവരെ ഒരു ഡീല്‍ ഉണ്ടായിട്ടില്ല, പക്ഷേ ഒരു കരാറുണ്ടാക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്,'' വൈറ്റ് ഹൗസിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇരുപക്ഷവും ഒരു കരാറിലും എത്തിയിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് 240 ഓളം പേരെ ഹമാസ് ബന്ദികളാക്കിയതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് ഇടനിലക്കാരാകുന്ന ഈ ഇടപാടിന്റെ ഭാഗമായി ഈ ബന്ദികളില്‍ എത്രപേരെ മോചിപ്പിക്കുമെന്ന് വ്യക്തമല്ല. ഈജിപ്തില്‍ നിന്ന് ഇന്ധനം ഉള്‍പ്പെടെയുള്ള മാനുഷിക സഹായം അനുവദിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുന്നത്.
വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ഗ്രൗണ്ട് മൂവ്മെന്റ് ഓവര്‍ഹെഡ് നിരീക്ഷണത്തിലൂടെ നിരീക്ഷിക്കും. ഇത് അഞ്ച് ദിവസത്തെ ഇടവേളയില്‍ പോലീസിനെ സഹായിക്കും. എന്നാല്‍ വാഷിംഗ്ടണിലെ ഇസ്രായേല്‍ എംബസിയുടെ വക്താവ് ബന്ദികളെക്കുറിച്ചും വെടിനിര്‍ത്തലിനെ കുറിച്ചും പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നത് മുന്‍ഗണന ആണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പ്രതികരിച്ചിരുന്നു.
'എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഘട്ടം ഘട്ടമായി ഉള്‍പ്പെടെ സാധ്യമായവരെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു, ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ്,' നെതന്യാഹുവിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു .
ഇതിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ 19കാരി കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഗാസ മുനമ്പിലാണ് കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തിയത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്ക് സമീപമായിരുന്നു മൃതദേഹമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഒക്ടോബര്‍ ഏഴിനാണ് നോവയെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്.