ഇറാനിൽ ഇസ്രായേൽ അഗ്നിവർഷം; തെഹ്‌റാനിലെ എണ്ണശാലകൾ കത്തിയമരുന്നു; 'ഇനി വരാനിരിക്കുന്നത് സർപ്രൈസുകൾ' എന്ന് നെതന്യാഹു

സൗദിയിലെ എണ്ണപ്പാടങ്ങളെ ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.

New Update
Untitled

ടെഹ്റാന്‍: മിഡില്‍ ഈസ്റ്റില്‍ യുദ്ധം സര്‍വ്വനാശത്തിലേക്ക് നീങ്ങുന്നു. ഒരാഴ്ച പിന്നിടുന്ന ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ശനിയാഴ്ച രാത്രി ടെഹ്റാനിലെ വന്‍കിട എണ്ണശേഖരണ ശാലകള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.

Advertisment

തലസ്ഥാന നഗരത്തെ ഒന്നാകെ ഭീതിയിലാഴ്ത്തി ആകാശത്ത് വലിയ അഗ്‌നിഗോളങ്ങള്‍ ഉയര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പതനം വരെ യുദ്ധം തുടരുമെന്ന സൂചന നല്‍കി, അടുത്ത ഘട്ടത്തില്‍ 'നിരവധി അപ്രതീക്ഷിത നീക്കങ്ങള്‍' കാത്തിരിക്കുന്നുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇറാന്റെ ഒരു സിവില്‍ വ്യവസായ കേന്ദ്രത്തെ ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. ടെഹ്റാനിലേക്കും വടക്കന്‍ പ്രവിശ്യകളിലേക്കും ഇന്ധനം എത്തിക്കുന്ന പ്രധാന കേന്ദ്രമാണ് തകര്‍ക്കപ്പെട്ടത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണമാണിതെന്ന് ഇറാന്‍ ആരോപിച്ചു.


പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ അനിശ്ചിതത്വം പുകയുകയാണ്. മൂന്നംഗ ഭരണസമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ യുദ്ധതന്ത്രത്തെച്ചൊല്ലി വലിയ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.


നയതന്ത്ര ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ഇദ്ദേഹം. അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ മാപ്പ് പറഞ്ഞ അദ്ദേഹം, ഇനി പ്രകോപനമുണ്ടാക്കരുതെന്ന് സൈന്യത്തോട് നിര്‍ദ്ദേശിച്ചു.

ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മോഹ്സെനിയും സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫും യുദ്ധം തുടരണമെന്ന വാശിയിലാണ്. മേഖലയിലെ യുഎസ് താവളങ്ങള്‍ തകര്‍ക്കാതെ വിശ്രമമില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു.

ഇറാനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്‍ കീഴടങ്ങണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന അദ്ദേഹം, നിലവിലെ ആക്രമണങ്ങളെ ഒരു 'ചെറിയ യാത്ര' എന്നാണ് വിശേഷിപ്പിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തല്‍ക്കാലം താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


അയല്‍രാജ്യങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട് ഇറാന്‍ തിരിച്ചടിച്ചു. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ദുബായില്‍ ഒരു വിദേശി കൊല്ലപ്പെട്ടു. ദുബായ് എയര്‍പോര്‍ട്ടില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു.


സൗദിയിലെ എണ്ണപ്പാടങ്ങളെ ലക്ഷ്യം വെച്ചെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് എംബസിക്ക് നേരെയും മിസൈല്‍ ആക്രമണമുണ്ടായി.

ഒരാഴ്ചയ്ക്കിടെ ഇറാനില്‍ മാത്രം 1,230 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ലെബനനില്‍ 290 പേരും ഇസ്രായേലില്‍ 11 പേരും ആറ് യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഇതിനിടെ, ഖമേനിക്ക് പകരമായി പുതിയ പരമോന്നത നേതാവിനെ കണ്ടെത്താന്‍ ഇറാന്‍ വിദഗ്ധ സമിതിയെ വിളിച്ചുചേര്‍ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.

Advertisment