ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ ടെക്കിയും ഓപ്പണ്‍എഐ വിസില്‍ ബ്ലോവറുമായ സുചിര്‍ ബാലാജിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോര്‍ജ്ജ് വെബ് രംഗത്ത്. ആത്മഹത്യയെന്ന കണ്ടെത്തല്‍ കുടുംബം നിരസിച്ചിരുന്നു.
ഓപ്പണ്‍എഐയ്ക്കും മറ്റ് ടെക് കമ്പനികള്‍ക്കുമെതിരായ നിര്‍ണായക വ്യവഹാരങ്ങളിലെ പ്രധാന സാക്ഷിയാണ് സുചിര്‍ ബാലാജി. അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയ രക്ത പാറ്റേണുകള്‍, പോരാട്ടത്തിന്റെ അടയാളങ്ങള്‍, തെളിവുകള്‍ നഷ്ടപ്പെടല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ണായക പൊരുത്തക്കേടുകള്‍ വെബ് ചൂണ്ടിക്കാട്ടി
സുചിറിന്റെ അപ്പാര്‍ട്ട്‌മെന്റ് കൊള്ളയടിച്ചു. രക്തപാതകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം കുളിമുറിയില്‍ നിന്ന് സഹായം തേട് ഇഴയുകയായിരുന്നുവെന്നാണ്. വെടിയേറ്റ മുറിവ് ഉള്‍പ്പെടെയുള്ള സുചിറിന്റെ പരിക്കുകള്‍ ആത്മഹത്യയെക്കാള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും വെബ് വിശദീകരിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് ആദ്യം തന്നെ സംഭവം ആത്മഹത്യയെന്ന് മുദ്രകുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 14 മിനിറ്റ് മാത്രമാണ് പൊലീസ് പരിശോധന നടത്തിയത്.
അദ്ദേഹത്തിന്റെ ദേഹത്ത് വെടിയുണ്ട ഉണ്ടോ എന്ന് അവര്‍ പരിശോധിച്ചില്ല. വെടിയുണ്ട സുചിറിന്റെ തോക്കുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ബാലിസ്റ്റിക് പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും വെബ് പറഞ്ഞു.
ആത്മഹത്യാ കുറിപ്പിന്റെ അഭാവവും മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാതാപിതാക്കളെ വിളിച്ച് സ്വാഭാവികമായി സംസാരിച്ച സുചിറിന്റെ രീതിയും ആത്മഹത്യയ്ക്കുള്ള സാധ്യത തള്ളിക്കളയുന്നു
ന്യൂയോര്‍ക്ക് ടൈംസ് മീറ്റിംഗിനായി സുചിര്‍ തയ്യാറാക്കിയ ഒരു ബാക്കപ്പ് ഉപകരണം നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.
ഓപ്പണ്‍എഐയ്ക്കെതിരായ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ഉപകരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഉപകരണത്തിന്റെ തിരോധാനം ഉയര്‍ന്ന നിയമപോരാട്ടങ്ങളിലെ നിര്‍ണായക സാക്ഷിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വെബ് അഭിപ്രായപ്പെട്ടു.