കെയ്റോ: സുഡാനിലെ ഡാര്‍ഫര്‍ മേഖലയിലെ ക്ഷാമബാധിതരായ കുടിയിറക്കപ്പെട്ടവരുടെ ക്യാമ്പുകളില്‍ അര്‍ദ്ധസൈനിക സംഘം നടത്തിയ ആക്രമണത്തില്‍ 20 കുട്ടികളും ഒമ്പത് സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടെ 100 ലധികം പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഉദ്യോഗസ്ഥന്‍ ശനിയാഴ്ച പറഞ്ഞു.
വെള്ളിയാഴ്ച റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും സഖ്യസേനയും സംസാം, അബു ഷോറൂക്ക് ക്യാമ്പുകളിലും വടക്കന്‍ ഡാര്‍ഫര്‍ പ്രവിശ്യയുടെ പ്രവിശ്യാ തലസ്ഥാനമായ എല്‍-ഫാഷര്‍ നഗരത്തിലും ആക്രമണം നടത്തിയതായി സുഡാനിലെ യുഎന്‍ റെസിഡന്റും മാനുഷിക കോര്‍ഡിനേറ്ററുമായ ക്ലെമന്റൈന്‍ എന്‍ക്വെറ്റ-സലാമി പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 24,000-ത്തിലധികം ആളുകള്‍ സുഡാനില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ക്യാമ്പുകള്‍ വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് എന്‍ക്വെറ്റ-സലാമി പ്രസ്താവനയില്‍ പറഞ്ഞു.
'രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുഡാനിലെ സംഘര്‍ഷം ആരംഭിച്ചതിനുശേഷം, കുടിയിറക്കപ്പെട്ട ആളുകള്‍ക്കും സഹായ പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണങ്ങളുടെ ഒരു പരമ്പരയിലെ മറ്റൊരു മാരകവും അസ്വീകാര്യവുമായ വര്‍ദ്ധനവാണിതെന്നും അവര്‍ പറഞ്ഞു.