അടിച്ചിട്ട് ഭാര്യയുടെ എല്ലൊടിഞ്ഞില്ലെങ്കില്‍ ഗാർഹിക പീഡനം ഇനി കുറ്റകരമല്ല. ഗാർഹികപീഡനം അനുവദിച്ച് താലിബാന്‍റെ പുതിയ ക്രിമിനൽ നിയമം. ഭര്‍ത്താവിന് വെറും 15 ദിവസത്തെ തടവ് ശിക്ഷ കിട്ടണമെങ്കിൽ സ്ത്രീ ശരീരം പൂര്‍ണമായി മറച്ച് മുറിവ് കോടതിയില്‍ തെളിയിക്കുകയും വേണം. സംരക്ഷകനായി ഒരു പുരുഷന്‍ ഒപ്പമുണ്ടെങ്കിലേ കോടതിയില്‍ പോവാനും അനുമതിയുമുള്ളു

New Update
Taliban's bizarre rule

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടം ഗാർഹിക പീഡനത്തിന് നിയമപരമായ പരിരക്ഷ നൽകുന്ന തരത്തിലുള്ള പുതിയ ശിക്ഷാനിയമം നടപ്പിലാക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ച ഈ നിയമപ്രകാരം, 

Advertisment

ഭാര്യമാരെയോ മക്കളെയോ ശാരീരികമായി ഉപദ്രവിക്കുന്നത്  ‘എല്ലുകൾ ഒടിയുകയോ തുറന്ന മുറിപ്പാടുകൾ ഉണ്ടാവുകയോ’ ചെയ്യാത്ത പക്ഷം കുറ്റകരമല്ലെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


ഭർത്താവിൻ്റെ മർദ്ദനമേറ്റ് എല്ലുകൾ ഒടിയുകയോ മാരകമായ മുറിവുകൾ ഉണ്ടാവുകയോ ചെയ്താൽ പോലും ഭർത്താവിന് ലഭിക്കുന്ന ശിക്ഷ വെറും 15 ദിവസത്തെ തടവ് മാത്രമായിരിക്കും.


പീഡനം നേരിടുന്ന സ്ത്രീകൾ അത് കോടതിയിൽ തെളിയിക്കണമെങ്കിൽ ശരീരം പൂർണ്ണമായും മറച്ചുകൊണ്ട് ജഡ്ജിക്ക് മുന്നിൽ മുറിവുകൾ കാണിക്കണം. 

കൂടാതെ, കോടതിയിൽ എത്തുമ്പോൾ ഭർത്താവോ മറ്റൊരു പുരുഷനോ കൂടെയുണ്ടാകണമെന്ന നിബന്ധനയും ഈ നിയമത്തിലുണ്ട്. അതേസമയം, ഭർത്താവിൻ്റെ അനുവാദമില്ലാതെ ബന്ധുക്കളെ സന്ദർശിക്കുന്ന സ്ത്രീകൾക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കാം.

പുതിയ നിയമമനുസരിച്ച് അഫ്ഗാൻ സമൂഹത്തെ നാലായി തിരിച്ചിട്ടുണ്ട്: മതപണ്ഡിതർ, വരേണ്യവർഗ്ഗം, ഇടത്തരക്കാർ, താഴ്ന്ന വിഭാഗം എന്നിങ്ങനെയാണിവ. കുറ്റകൃത്യത്തിന്റെ സ്വഭാവത്തേക്കാൾ ഉപരിയായി, കുറ്റം ചെയ്യുന്ന വ്യക്തിയുടെ സാമൂഹിക പദവി അനുസരിച്ചായിരിക്കും ശിക്ഷ നിശ്ചയിക്കുന്നത്. 


മതപണ്ഡിതർ തെറ്റ് ചെയ്താൽ ഉപദേശം നൽകി വിടുമ്പോൾ, താഴ്ന്ന വിഭാഗത്തിൽപ്പെട്ടവർക്ക് തടവും ചാട്ടവാറടിയും ഉൾപ്പെടെയുള്ള കഠിന ശിക്ഷകൾ നൽകും. ചാട്ടവാറടി പോലുള്ള ശിക്ഷകൾ നടപ്പിലാക്കുന്നത് മതപണ്ഡിതന്മാരായിരിക്കും.


സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി 2009-ൽ നിലവിൽ വന്ന നിയമം താലിബാൻ റദ്ദാക്കി. പുതിയ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് പോലും കുറ്റകരമാണെന്ന് താലിബാൻ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ജനങ്ങൾ ഭയപ്പാടിലാണെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 

ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഈ നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. താലിബാൻ്റെ ഈ നീക്കം സ്ത്രീകളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്നും യുഎൻ പ്രതിനിധി റീം അൽസലേം പറഞ്ഞു

Advertisment