/sathyam/media/media_files/2026/03/05/oil-tanker-1772454195-2026-03-05-08-18-56.jpg)
ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ടെഹ്‌റാനില്‍ അടക്കം ഇറാന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇന്നലെ രാത്രിയും അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി.
ഇറാന്റെ ആയുധ ശേഖരണ കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. മിസൈല്‍ ലോഞ്ചിങ് പാഡുകള്‍, മിസൈല്‍ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ഉന്നമിട്ടിട്ടുള്ളത്. ഇറാന്റെ മിസൈല്‍ ശേഷി വളരെയധികം തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടു.
ഗള്‍ഫ് മേഖലയിലേക്ക് ഇറാന്‍ നിരന്തരം നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് യുഎസ് നീക്കം.
കഴിഞ്ഞ 48 മണിക്കൂറിനിടെ ഇറാന്റെ മിസൈല്‍ ആക്രമണം വളരെയധികം കുറഞ്ഞതായും അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടു. എന്നാല്‍ ഇന്നലെയും സൗദിയിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇറാന്റെ ആക്രമണം പ്രതിരോധിച്ചതായി സൗദി അറേബ്യയും വ്യക്തമാക്കി.
ഇറാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ ബുക്കാനില്‍ കനത്ത ബോംബാക്രമണം ഉണ്ടായതായി ഇറാനിയന്‍ അര്‍ദ്ധ-ഔദ്യോഗിക തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഗവര്‍ണറേറ്റ് കെട്ടിടവും വീടുകളും ബിസിനസുകളും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലും അമേരിക്കയും ആക്രമണം കടുപ്പിച്ചാല്‍ ഇറാന്‍ ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രത്തെ ആക്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുവൈത്ത് തീരത്ത് മുബാരക് അല്‍ കബീറിന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെ കപ്പലില്‍ സ്‌ഫോടനമുണ്ടായി. ചരക്കു കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്.
കപ്പലിലുള്ളവര്‍ സുരക്ഷിതരാണ്. ദോഹയിലെ യുഎസ് എംബസിക്ക് അടുത്ത് താമസിക്കുന്നവരെ ഖത്തര്‍ ഒഴിപ്പിക്കുന്നു. താല്‍ക്കാലിക സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us