ടെഹ്റാൻ: ആണവ കരാർ സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ.
യുഎസ് ഉത്തരവുകൾക്കും ഭീഷണികൾക്കും വഴങ്ങില്ല, ചർച്ചയ്ക്കും താല്പര്യമില്ല. ട്രംപിന് ഇഷ്ടമുള്ളത് ചെയ്തോളുവെന്നും പെസഷ്കിയാൻ തുറന്നടിച്ചു.
ആണവ കരാറുമായി ബന്ധപ്പെ ട്ട ചർച്ചയ്ക്ക്, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി ക്ക് കത്തയച്ചിരുന്നതായി ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ ട്രംപ് കത്തയച്ചിട്ടില്ലെന്നും ചർച്ച താല്പര്യമില്ലെന്നുമാണ് ഖമേനിയും അറിയിച്ചത്. ചർച്ചയ്ക്കു തയ്യാറാകണമെന്ന തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടിയെടുക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
ടെഹ്റാനുമായുള്ള ഒരു കരാറിന് സന്നദ്ധത പ്രകടിപ്പിക്കുമ്പോൾത്തന്നെ, ഇറാനെ ആഗോള സമ്പദ് വ്യവസ്ഥയിൽ നിന്ന് ഒറ്റപ്പെടുത്താനും എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് താഴ്ത്താനുമുള്ള പരമാവധി സമ്മർദ നടപടികളും ട്രംപ് സ്വീകരിക്കുന്നുണ്ട്.
ഇറാനിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഇറാഖിനെ അനുവദിച്ചിരുന്ന ഉപരോധ ഇളവ് ട്രംപ് പിൻവലിച്ചിരുന്നു.
2015ൽ ബരാക് ഒബാമയുടെ കാലഘട്ടത്തിലാണ് ആണവ പദ്ധതി നിർത്തലാക്കുന്നതിന് പകരമായി ഇറാന് ഉപരോധങ്ങളിൽ ഇളവ് നൽകിയത്.
ട്രംപ് ഭരണകൂടം പിന്മാറിയതിനു ശേഷവും ആണവ കരാറിൽ ടെഹ്റാൻ ഉറച്ചുനിന്നു. എന്നാൽ പിന്നീട് പ്രതിബദ്ധതകൾ പിൻവലിച്ച്, യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിക്കുകയായിരുന്നു.