ടെഹ്റാൻ: വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇറാൻ-ഇസ്രയേൽ സംഘർഷ സാഹചര്യം ലോകത്തിന് ആശങ്കയായി തുടരുന്നു.
ഇറാനുമായി സംസാരിക്കില്ലെന്ന് ഡോണൾഡ് ട്രംപും ആക്രമണവും ചർച്ചയും ഒരുമിച്ച് നടക്കില്ലെന്ന് ഇറാനും നിലപാടെടുത്തിരിക്കുകയാണ്.
ആണവ പദ്ധതിക്ക് പിന്നാലെ ഇപ്പോൾ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെയും സമ്മർദം ശക്തമാക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ.
ആക്രമണത്തെ അപലപിക്കാൻ പോലും തയാറാവാത്ത അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇനി പരിശോധനയ്ക്ക് വരേണ്ടെന്ന് കാട്ടി ഇറാൻ വഴിയടച്ചു.
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനുമായുള്ള ചർച്ചയിൽ സമവായം ഉരുത്തിരിയുമെന്നായിരുന്നു പ്രതീക്ഷ.
ഇസ്രയേൽ ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് കിട്ടിയാൽ മാത്രം ചർച്ചയെന്നാണ് ഇറാൻ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഓഫറും നൽകാനില്ലെന്നാണ് ഡോണൾഡ് ട്രംപിന്റെ നിലപാട്.
അലി ഖമനിയയെ അമേരിക്ക അധിക്ഷേപിച്ചതിൽ കടുത്ത രോഷത്തിലാണ് ഇറാൻ. ഇതിനിടെ ഇറാന് മുന്നറിയിപ്പ് സ്വരത്തിൽ ഫ്രഞ്ച് പ്രസിഡണ്ട് രംഗത്തെത്തിയത്.
ആണവോർജ സമിതിയുമായുള്ള സഹകരണം പുനരാരംഭിക്കണമെന്നും ബലിസ്റ്റിക് - ന്യൂക്ലിയർ പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് തയാറാകണമെന്നുമാണ് ഇറാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാന്റെ മിസൈൽ ശേഷിയിൽ ഇസ്രയേലുയർത്തിയ ആശങ്ക യുറോപ്പിനുമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. യുറേനിയം സംമ്പുഷ്ടീകരണം നിർത്തില്ലെന്നാണ് യു.എന്നിലെ ഇറാന്റെ പ്രതിനിധി അമീർ സെയ്ദ് ഇറവാനി വ്യക്തമാക്കിയത്.
ഇറാനെതിരായ ആക്രമണത്തിന് ശേഷം ആദ്യമായി ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി ഇസ്രയേൽ സന്ദർശിക്കും. സംഘർഷത്തിന് ശേഷമുള്ള ആദ്യ നയതന്ത്ര സന്ദർശനമാണിത്.