തെൽ അവിവ്: ഗസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന് സമ്പൂർണ യുദ്ധവിരാമ നടപടികളും വ്യവസ്ഥ ചെയ്യുന്ന പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
യുഎസ് നിർദേശം ചർച്ച ചെയ്യുമെന്നും ആക്രമണം പൂർണമായി നിർത്തുകയാണ് വേണ്ടതെന്നും ഹമാസ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു ഞായറാഴ്ച അമേരിക്കയിലെത്തും.
രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന് പൂർണ യുദ്ധവിരാമം ലക്ഷ്യമിട്ടുള്ള നടപടികളുമാണ് അമേരിക്ക മുന്നോട്ടു വെച്ച പുതിയ വെടിനിർത്തൽ നിർദേശത്തിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട ആവശ്യമായ ഉപാധികൾ ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞു. എന്നാൽ വെടിനിർത്തലിന്‍റെ മറ്റു വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഹമാസിന് ലഭിക്കാവുന്ന മികച്ച നിർദേശമാണിതെന്നും ട്രംപ് പറഞ്ഞു. രണ്ടു മാസ വെടിനിർത്തൽ കാലയളവിൽ 10 ബന്ദികൾക്കു പുറമെ 18 ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് കൈമാറണമെന്നാണ് വ്യവസ്ഥയെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.