കംബോഡിയ: തായ്ലന്‍ഡിനും കംബോഡിയയ്ക്കും ഇടയിലുള്ള അതിര്‍ത്തിയില്‍ നടന്ന രൂക്ഷമായ സൈനിക ഏറ്റുമുട്ടലുകള്‍ ഇരു രാജ്യങ്ങളെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. ഈ ഏറ്റുമുട്ടലുകളില്‍ 13 സാധാരണക്കാരും ഒരു സൈനികനും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടതായും 46 പേര്‍ക്ക് പരിക്കേറ്റതായും തായ്ലന്‍ഡ് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
കംബോഡിയയില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച നടന്ന ഒരു കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്ക് പരിക്കേറ്റതോടെയാണ് അക്രമം ആരംഭിച്ചത്. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി.
കംബോഡിയ സിവിലിയന്മാരെയും ഒരു ആശുപത്രിയെയും ആക്രമിച്ചതായി തായ്ലന്‍ഡ് ആരോഗ്യമന്ത്രി സോംസാക് ആരോപിച്ചു. 'ഇത് ഉടന്‍ നിര്‍ത്തി സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ കംബോഡിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഒരു ദശാബ്ദത്തിനിടെ തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള ഏറ്റവും രക്തരൂക്ഷിതമായ അതിര്‍ത്തി പോരാട്ടത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ അതിര്‍ത്തി പ്രദേശം വിട്ട് പലായനം ചെയ്തതായി തായ്ലന്‍ഡ് പറഞ്ഞു.
കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റിന്റെ അഭ്യര്‍ഥന മാനിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ വെള്ളിയാഴ്ച അടിയന്തര യോഗം ചേരുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎസ് അഭ്യര്‍ത്ഥിച്ചു.