വാഷിംഗ്ടണ്‍: ഒരാഴ്ചത്തോളമായി തുടരുന്ന തായ്ലന്‍ഡ് കംബോഡിയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇരു രാജ്യതലവന്മാരുമായും താന്‍ വ്യാപാരകരാര്‍ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയെന്നും ഇരുവരും ഉടന്‍തന്നെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം.
'തായ്ലന്‍ഡ്, കംബോഡിയ രാജ്യങ്ങളുടെ തലവന്മാരുമായി നല്ല ചര്‍ച്ചയാണ് ഉണ്ടായത്. ഇരുവരും ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ നിലവില്‍ വരുത്താനും സമാധാനം പുനഃസ്ഥാപിക്കാനും താത്പര്യപ്പെടുന്നവരാണ്.
യുഎസുമായി വ്യാപാരചര്‍ച്ചകള്‍ നടത്താനും താത്പര്യമുണ്ട്. എന്നാല്‍ സംഘര്‍ഷം അവസാനിപ്പിക്കാതെ അത് നടക്കില്ല. ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച നടത്തി വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്ക് കടക്കും. അങ്ങനെ ഉണ്ടായാല്‍ വ്യാപാരകരാറിലും ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു.