ക്രിസ്തുവിനെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരെ പട്ടിണികിടന്ന് മരിക്കാൻ പ്രേരിപ്പിച്ചു; പാസ്റ്റർക്കെതിരെ കൊലക്കുറ്റം

New Update
paul makkanzy.jpg

കെനിയ: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ക്രിസ്തുവിനെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ഭക്തരെ പട്ടിണികിടന്ന് മരിക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ മതപ്രഭാഷകനും പ്രാർഥനാ സംഘത്തിന്‍റെ നേതാവുമായ പോൾ മക്കൻസിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇദ്ദേഹത്തിന്‍റെ അനുയായികളായ 29 പേർക്കെതിരെയും കൊലക്കുറ്റമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ കെനിയയിലെ മലിൻഡി നഗരത്തോട് ചേർന്ന വനമേഖലയിൽ നിന്ന് 400ലേറെ പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Advertisment

പോൾ മക്കൻസിക്കും അനുയായികൾക്കുമെതിരെ കൊലക്കുറ്റം കൂടാതെ തീവ്രവാദ പ്രവൃത്തി, കുട്ടികൾക്കെതിരായ കുറ്റകൃത്യം, പീഡനം എന്നിവയും ചുമത്തിയിട്ടുണ്ട്. പട്ടിണി കിടന്ന് മരിച്ചതിന് പുറമേ ഏതാനും പേർ ശ്വാസംമുട്ടിയും മർദനമേറ്റും മരിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 191 പേരെ കൊലപ്പെടുത്തിയ കുറ്റമാണ് പാസ്റ്റർക്കെതിരെ ചുമത്തിയത്.

 ഗുഡ് ന്യൂസ് ഇന്‍റർനാഷണൽ എന്ന പേരിൽ കൂട്ടായ്മയുണ്ടാക്കിയായിരുന്നു പാസ്റ്റർ പോൾ മക്കൻസിയുടെ പ്രവർത്തനം. നിരവധി അനുയായികൾ ഇയാൾക്കുണ്ട്. മരിച്ചാൽ സ്വർഗത്തിലെത്താമെന്നും യേശുക്രിസ്തുവിനെ കാണാനാകുമെന്നായിരുന്നു പാസ്റ്റർ തന്‍റെ അനുയായികളെ വിശ്വസിപ്പിച്ചത്. തുടർന്ന് പാസ്റ്ററുടെ നൂറുകണക്കിന് അനുയായികൾ വനമേഖലയിൽ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് 400ലേറെ പേരുടെ മൃതദേഹം കണ്ടെത്തിയത്.

 ആഴം കുറഞ്ഞ കുഴിയിൽ മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. അധികൃതർ നടത്തിയ തെരച്ചിലിൽ മരണം കാത്തുകിടക്കുകയായിരുന്ന നിരവധി പേരെ രക്ഷിക്കുകയും ചെയ്തു. പാസ്റ്റർ പോൾ മക്കൻസി നേരത്തെയും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.