/sathyam/media/media_files/2025/10/22/1001344762-2025-10-22-09-21-25.webp)
ടോക്കിയോ: ജപ്പാനിലെ ആദ്യ വനിത പ്രധാനമന്ത്രിയായി സനേ തകായിച്ചി ചുമതലയേറ്റു.
ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിപിക്കുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ച ഒഴിവിലാണ് സനേ തെരഞ്ഞെടുക്കപ്പെട്ടത്.
ഷിഗെരു ഇഷിബ സ്ഥാനമൊഴിയുന്നതിനെ തുടർന്ന് പാർട്ടിക്കകത്ത് നടന്ന തെരഞ്ഞെടുപ്പിൽ സനേ തകായിച്ചിയെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായി തെരഞ്ഞെടുക്കുക ആയിരുന്നു.
ഭരണകക്ഷി നേതാവാണ് ജപ്പാനിൽ പ്രധാനമന്ത്രി പദത്തിലെത്തുക.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 64കാരിയായ സനേ വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു. ലോവർ ഹൗസിൽ 237 വോട്ടുകളും ഉപരിസഭയിൽ 125 വോട്ടുകളും നേടി.
അന്തരിച്ച മുൻ യുകെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്‍റെ കടുത്ത ആരാധികയായ തകായിച്ചി വർധിച്ചുവരുന്ന ജീവിതച്ചെലവ് കൊണ്ട് പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന ഒരു സാമ്പത്തിക ഘട്ടത്തിലാണ് അധികാരത്തിലെത്തുന്നത്.
ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് അനിശ്ചിതത്വത്തിന്‍റെ സമയമാണ്.
തകായിച്ചി പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതോടെ രാജ്യത്തെ മൂന്ന് മാസത്തോളം നീണ്ട രാഷ്ട്രീയ അസ്ഥിരതയ്ക്കാണ് അവസാനമാകുന്നത്.