ഒട്ടാവ: സ്വന്തം രാജ്യത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ ക്രിമിനലുകള്‍ എന്ന് വിളിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. മാധ്യമങ്ങള്‍ക്ക് അതീവരഹസ്യമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം.
ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ നേതാക്കളെ ബന്ധപ്പെടുത്തി കനേഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ട്രൂഡോയുടെ പരാമര്‍ശം.
മാധ്യമങ്ങള്‍ക്ക് അതീവരഹസ്യമായ വിവരങ്ങള്‍ ചോര്‍ത്തുന്ന കുറ്റവാളികള്‍ തുടര്‍ച്ചയായി ആ കഥകള്‍ തെറ്റായി പ്രചരിക്കുന്നത് കാണുന്നുവെന്ന് വെള്ളിയാഴ്ച ബ്രാംപ്ടണില്‍ ഒരു പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാണ് വിദേശ ഇടപെടലിനെക്കുറിച്ച് ഞങ്ങള്‍ ദേശീയ അന്വേഷണം നടത്തിയത്, മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന കുറ്റവാളികള്‍ എന്നതിലുപരി അവര്‍ വിശ്വാസ്യതയില്ലാത്തവരാണെന്ന് എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഈ ആഴ്ച ആദ്യം ഒരു പ്രമുഖ കനേഡിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷനെ കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അറിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും പത്രം നല്‍കിയിരുന്നില്ല.