/sathyam/media/media_files/2026/03/04/true-promise-2026-03-04-15-06-35.jpg)
ടെഹ്റാന്‍: ഇസ്രായേല്‍-യുഎസ് സഖ്യത്തിനെതിരായ ഇറാന്റെ പ്രതികാര നടപടിയായ 'ട്രൂ പ്രോമിസ് 4' ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്. ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നൂറുകണക്കിന് യുഎസ് സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഐആര്‍ജിസി അവകാശപ്പെടുന്നത്.
ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനി മാധ്യമങ്ങളോട് പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രമായി 650-ലധികം യുഎസ് സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കണിനെ' ഇറാന്റെ ശക്തമായ ആക്രമണത്തെത്തുടര്‍ന്ന് തീരത്തുനിന്ന് പിന്‍വലിക്കാന്‍ യുഎസ് നിര്‍ബന്ധിതരായി.
ഗള്‍ഫ് മേഖലയിലെ പ്രധാന യുഎസ് സൈനിക താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ഈ കേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും വക്താവ് സ്ഥിരീകരിച്ചു.
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇറാന്റെ ഈ അവകാശവാദങ്ങളോട് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണ്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മേഖലയില്‍ സംഘര്‍ഷം തുടരുന്നത് അന്താരാഷ്ട്ര എണ്ണ വിതരണത്തെയും സുരക്ഷയെയും സാരമായി ബാധിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us