എന്താണ് ട്രംപിന്റെ 'ഗോൾഡൻ ഡോം'? ഗ്രീൻലാൻഡ് സ്വന്തമാക്കിയാലേ അമേരിക്കയ്ക്ക് സുരക്ഷാ കവചം ഒരുക്കാൻ കഴിയൂ?

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കിയാലേ ഗോള്‍ഡന്‍ ഡോം നിര്‍മ്മിക്കാന്‍ കഴിയൂ എന്ന ട്രംപിന്റെ വാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
trump

ദാവോസ്: അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്ന വാദം ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

175 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന 'ഗോള്‍ഡന്‍ ഡോം' എന്ന അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം ഗ്രീന്‍ലാന്‍ഡില്‍ സ്ഥാപിക്കാനാണ് ട്രംപിന്റെ പദ്ധതി. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അദ്ദേഹം ഈ തന്ത്രപ്രധാന നീക്കത്തെക്കുറിച്ച് വിശദീകരിച്ചത്.


എന്താണ് 'ഗോള്‍ഡന്‍ ഡോം'?


അമേരിക്കയെ ലക്ഷ്യമിട്ടു വരുന്ന അത്യാധുനിക മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള ഒരു പ്രതിരോധ കവചമാണിത്.


ബാലിസ്റ്റിക് മിസൈലുകള്‍, ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളുകള്‍, ക്രൂയിസ് മിസൈലുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ കൂട്ടങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിന് സാധിക്കും.

നൂറുകണക്കിന് ഉപഗ്രഹങ്ങള്‍, സെന്‍സറുകള്‍, ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ എന്നിവ സംയോജിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബഹിരാകാശത്തെ നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങള്‍ മിസൈല്‍ വിക്ഷേപിച്ചാലുടന്‍ അത് തിരിച്ചറിയാനും തകര്‍ക്കാനും ഇതിലൂടെ കഴിയും. 2029 ജനുവരിയോടെ ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കാനാണ് ട്രംപ് ആഗ്രഹിക്കുന്നത്.

ഗ്രീന്‍ലാന്‍ഡ് എന്തുകൊണ്ട് പ്രധാനമാകുന്നു?


ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് ഗ്രീന്‍ലാന്‍ഡിനെ ഈ പദ്ധതിയുടെ കേന്ദ്രബിന്ദുവാക്കുന്നത്. യൂറേഷ്യയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ആര്‍ട്ടിക് മേഖലയിലൂടെയാണ്. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തൊടുത്തുവിടുന്ന മിസൈലുകള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള ഈ പാതയില്‍ സെന്‍സറുകളും നിരീക്ഷണ സംവിധാനങ്ങളും സ്ഥാപിക്കാന്‍ ഗ്രീന്‍ലാന്‍ഡ് ഏറ്റവും അനുയോജ്യമായ ഇടമാണ്.


കാനഡയുടെ സുരക്ഷ: ഈ പ്രതിരോധ കവചം അമേരിക്കയ്ക്ക് മാത്രമല്ല കാനഡയ്ക്കും സുരക്ഷ നല്‍കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ഈ സുരക്ഷാ കുടയ്ക്ക് കീഴില്‍ വരുന്നതിന് കാനഡ നന്ദിയുള്ളവരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീന്‍ലാന്‍ഡ് 'സ്വന്തമാക്കല്‍' നിര്‍ബന്ധമാണോ?

ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കിയാലേ ഗോള്‍ഡന്‍ ഡോം നിര്‍മ്മിക്കാന്‍ കഴിയൂ എന്ന ട്രംപിന്റെ വാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നിലവില്‍ തന്നെ ഗ്രീന്‍ലാന്‍ഡിലെ 'തൂള്‍' എയര്‍ ബേസില്‍ അമേരിക്കയ്ക്ക് അത്യാധുനിക റഡാര്‍ സംവിധാനങ്ങളുണ്ട്. ഡെന്മാര്‍ക്കുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ്. അവിടെ സൈനിക സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ നിലവിലുള്ള കരാറുകള്‍ മതിയെന്നിരിക്കെ, എന്തിനാണ് ട്രംപ് ആ ദ്വീപ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് വിദഗ്ധരുടെ ചോദ്യം.

Advertisment