ഇറാനെതിരെ ആക്രമണത്തിന് അമേരിക്ക സജ്ജം; അന്തിമ തീരുമാനം എടുക്കാതെ ട്രംപ്

'അടിസ്ഥാന തത്വങ്ങളില്‍' ധാരണയായെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും പ്രധാന വിഷയങ്ങളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

വാഷിംഗ്ടണ്‍: ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഈ വാരാന്ത്യത്തില്‍ തന്നെ ആക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യം സജ്ജമായതായി റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നടപടിക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

മിഡില്‍ ഈസ്റ്റില്‍ വ്യോമ-നാവിക സേനകളെ അമേരിക്ക വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഈ വാരാന്ത്യത്തോടെ മേഖലയില്‍ എത്തും. ഇതോടൊപ്പം ഫൈറ്റര്‍ ജെറ്റുകളും ഇന്ധനം നിറയ്ക്കാനുള്ള ടാങ്കറുകളും ഇറാന് സമീപമുള്ള താവളങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.


വൈറ്റ് ഹൗസിലെ ചര്‍ച്ചകള്‍: ബുധനാഴ്ച വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തി. ജനീവയില്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ജാറെഡ് കുഷ്‌നറും പ്രസിഡന്റിനെ ധരിപ്പിച്ചു.

ജനീവയില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 'അടിസ്ഥാന തത്വങ്ങളില്‍' ധാരണയായെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും പ്രധാന വിഷയങ്ങളില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ഇറാന്റെ പ്രതിരോധം: അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍ തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് ചുറ്റും കോണ്‍ക്രീറ്റും മണ്ണും ഉപയോഗിച്ച് കവചം തീര്‍ക്കുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 'ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി'യുടെ വിശകലനമനുസരിച്ച് അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലേക്ക് ഉപകരണങ്ങള്‍ മാറ്റാനാണ് ഇറാന്‍ ശ്രമിക്കുന്നത്.


ദീര്‍ഘകാല യുദ്ധത്തിന് സാധ്യത: ഇറാനെതിരെയുള്ള നീക്കം ഒരു ചെറിയ ആക്രമണമായിരിക്കില്ലെന്നും, മറിച്ച് ഇസ്രായേലുമായി ചേര്‍ന്ന് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന വലിയൊരു സൈനിക നീക്കമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരും ആഴ്ചകളില്‍ സൈനിക നടപടിക്ക് 90 ശതമാനം സാധ്യതയുണ്ടെന്നാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചത്.

Advertisment