/sathyam/media/media_files/2026/02/20/trump-2026-02-20-08-48-46.jpg)
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക നീക്കങ്ങള്‍ തന്റെ ഇടപെടലിലൂടെയാണ് അവസാനിച്ചതെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇരുരാജ്യങ്ങള്‍ക്കും മേല്‍ കടുത്ത വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് താന്‍ യുദ്ധം ഒഴിവാക്കിയതെന്നും, സംഘര്‍ഷത്തിനിടെ 11 അത്യാധുനിക യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായും ട്രംപ് പുതിയ വെളിപ്പെടുത്തല്‍ നടത്തി.
'ബോര്‍ഡ് ഓഫ് പീസ്' യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്യാന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ യുദ്ധം തുടര്‍ന്നാല്‍ ഇരുരാജ്യങ്ങള്‍ക്കും മേല്‍ 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കി. പണത്തിന്റെ കാര്യം വന്നപ്പോള്‍ അവര്‍ക്ക് യുദ്ധത്തോടുള്ള താല്‍പ്പര്യം കുറഞ്ഞു,' ട്രംപ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലുണ്ടായ ഏറ്റുമുട്ടലില്‍ 11 വിലകൂടിയ യുദ്ധവിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതായി ട്രംപ് ആദ്യമായി അവകാശപ്പെട്ടു. വിമാനങ്ങള്‍ വെടിവെച്ചിടുന്ന ഘട്ടത്തിലേക്ക് യുദ്ധം മാറിയിരുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ ഇടപെടല്‍ 2.5 കോടി (25 മില്യണ്‍) മനുഷ്യജീവനുകള്‍ രക്ഷിച്ചതായി പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഈ സമയത്ത് തന്റെ വ്യക്തിപരമായ നയതന്ത്രബന്ധവും സാമ്പത്തിക സമ്മര്‍ദ്ദവും ഉപയോഗിച്ചാണ് സമാധാനം പുനഃസ്ഥാപിച്ചതെന്നാണ് ട്രംപിന്റെ വാദം.
എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തള്ളി. ഇന്ത്യ-പാക് സംഘര്‍ഷങ്ങളില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും, ഇരുരാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തല്‍ ഉണ്ടായതെന്നും ഇന്ത്യ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us