ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗവുമായി ട്രംപ്; 'നമ്മൾ ജയിച്ചുകൊണ്ടിരിക്കുന്നു', താരിഫ് നയം രാജ്യത്തെ രക്ഷിക്കുമെന്നും അവകാശവാദം

ഇന്‍സൈഡര്‍ ട്രേഡിങ്ങിനെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ ട്രംപിനെ നോക്കി 'ആദ്യം നിങ്ങള്‍ക്കെതിരെ നടപടി എടുക്കൂ' എന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ വിളിച്ചുപറഞ്ഞു.

New Update
Untitled

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പ്രസംഗവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

Advertisment

ഒന്നിന് പുറകെ ഒന്നായി രാജ്യം നേട്ടങ്ങള്‍ കൊയ്യുകയാണെന്നും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മറ്റെപ്പോഴത്തേക്കാളും ശക്തമാണെന്നും ട്രംപ് അവകാശപ്പെട്ടു. 1 മണിക്കൂര്‍ 41 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലൂടെ ബില്‍ ക്ലിന്റന്റെ റെക്കോര്‍ഡാണ് ട്രംപ് മറികടന്നത്.


'നമ്മള്‍ വളരെയധികം വിജയിച്ചുകൊണ്ടിരിക്കുകയാണ്. വിജയം സഹിക്കാനാവാത്ത അവസ്ഥയിലാണ് ജനങ്ങള്‍,' എന്ന് ട്രംപ് തമാശരൂപേണ പറഞ്ഞു. ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാക്കളായ അമേരിക്കന്‍ ഹോക്കി ടീമിനെ അദ്ദേഹം വേദിയില്‍ പരിചയപ്പെടുത്തി.


ഇറക്കുമതി ചുങ്കം സംബന്ധിച്ച സുപ്രീം കോടതി വിധി 'നിര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ച ട്രംപ്, കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ തന്നെ ബദല്‍ നിയമങ്ങളിലൂടെ ചുങ്കം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ഭാവിയില്‍ ആദായനികുതിക്ക് പകരമായി ഇത്തരം ചുങ്കങ്ങള്‍ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനെ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്‌പോണ്‍സര്‍ എന്ന് വിശേഷിപ്പിച്ച ട്രംപ്, അവരെ ഒരിക്കലും ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. പ്രസംഗത്തിനിടെ ഡെമോക്രാറ്റിക് അംഗങ്ങള്‍ ട്രംപിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ത്തി.

'കറുത്തവര്‍ഗ്ഗക്കാര്‍ കുരങ്ങുകളല്ല' എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയ ഡെമോക്രാറ്റിക് പ്രതിനിധി അല്‍ ഗ്രീനിനെ സഭയില്‍ നിന്ന് പുറത്താക്കി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും മിഷേല്‍ ഒബാമയെയും അപമാനിക്കുന്ന തരത്തില്‍ ട്രംപ് പങ്കുവെച്ച വീഡിയോക്കെതിരെയായിരുന്നു പ്രതിഷേധം.

ഇന്‍സൈഡര്‍ ട്രേഡിങ്ങിനെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞ ട്രംപിനെ നോക്കി 'ആദ്യം നിങ്ങള്‍ക്കെതിരെ നടപടി എടുക്കൂ' എന്ന് ഡെമോക്രാറ്റിക് അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. 'നിങ്ങള്‍ ലജ്ജിക്കണം, നിങ്ങള്‍ രാജ്യത്തെ നശിപ്പിക്കുകയാണ്' എന്ന് ട്രംപ് തിരിച്ചടിച്ചു.


തൊഴിലിടങ്ങളില്‍ റിട്ടയര്‍മെന്റ് പ്ലാനുകള്‍ ഇല്ലാത്തവര്‍ക്കായി പുതിയ സമ്പാദ്യ പദ്ധതി ട്രംപ് പ്രഖ്യാപിച്ചു. ഫെഡറല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് തുല്യമായ അക്കൗണ്ടുകള്‍ ലഭ്യമാക്കുമെന്നും 1,000 ഡോളര്‍ വരെ സര്‍ക്കാര്‍ വിഹിതം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഡാറ്റാ സെന്ററുകള്‍ക്കായി ഉയര്‍ന്ന വൈദ്യുതി നിരക്ക് നല്‍കാന്‍ തയ്യാറാണെന്നും ട്രംപ് അറിയിച്ചു.


തന്റെ ഭരണനേട്ടങ്ങള്‍ എണ്ണമിട്ട് നിരത്തിയ ട്രംപ്, വിലക്കയറ്റത്തിന് ഉത്തരവാദി മുന്‍ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകളുമാണെന്ന് കുറ്റപ്പെടുത്തി. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Advertisment