/sathyam/media/media_files/2026/02/25/untitled-2026-02-25-11-13-51.jpg)
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം തടഞ്ഞത് താനാണെന്നും ഇതിലൂടെ കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതായും വീണ്ടും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടന്ന തന്റെ രണ്ടാമത്തെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തിലാണ് ട്രംപ് ഈ വിവാദ പരാമര്‍ശം നടത്തിയത്.
തന്റെ ഭരണത്തിന്റെ ആദ്യ പത്ത് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതായി ട്രംപ് അവകാശപ്പെട്ടു. 'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഞാന്‍ അവസാനിപ്പിച്ചു, അല്ലാത്തപക്ഷം അതൊരു ആണവ യുദ്ധമായി മാറുമായിരുന്നു. ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ജനങ്ങള്‍ മരിക്കുമായിരുന്നുവെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്,' ട്രംപ് പറഞ്ഞു.
ഇതാദ്യമായല്ല ട്രംപ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വാഷിംഗ്ടണിന്റെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അന്ന് രക്ഷപ്പെട്ടവരുടെ എണ്ണം 10 ദശലക്ഷം എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അത് 2.5 കോടിയായും ഇപ്പോള്‍ 3.5 കോടിയായും അദ്ദേഹം ഉയര്‍ത്തി. ഏകദേശം നൂറോളം തവണ അദ്ദേഹം ഈ അവകാശവാദം ആവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും അത്തരം മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങിയ നിരവധി സംഘര്‍ഷങ്ങള്‍ പരിഹരിച്ചതായും ട്രംപ് അവകാശപ്പെട്ടു. പ്രസംഗത്തിനിടെ ഡെമോക്രാറ്റിക് അംഗങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ 'അവര്‍ രോഗികളാണ്' എന്ന് ട്രംപ് പരിഹസിച്ചു.
അമേരിക്ക വീണ്ടും കരുത്താര്‍ജ്ജിച്ചതായും ലോകമെമ്പാടും സമാധാനം പുനഃസ്ഥാപിക്കാന്‍ തനിക്ക് കഴിഞ്ഞതായും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഇത്തരം കണക്കുകള്‍ക്കും അവകാശവാദങ്ങള്‍ക്കും കൃത്യമായ തെളിവുകളില്ലെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us