'ഇതെല്ലാം പച്ചക്കള്ളം'; മിസൈൽ-ആണവ ആരോപണങ്ങൾ തള്ളി ഇറാൻ; ട്രംപിന് ശക്തമായ മറുപടി

പ്രതിസന്ധികള്‍ക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം വട്ട നയതന്ത്ര ചര്‍ച്ചകള്‍ വ്യാഴാഴ്ച സ്വിസ് നഗരമായ ജനീവയില്‍ നടക്കും.

New Update
Untitled

പാരിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിച്ച മിസൈല്‍-ആണവ ആരോപണങ്ങള്‍ 'വലിയ നുണകള്‍' എന്ന് വിശേഷിപ്പിച്ച് തള്ളി ഇറാന്‍.

Advertisment

ചൊവ്വാഴ്ച നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍, ഇറാന്‍ അമേരിക്കയെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വികസിപ്പിക്കുകയാണെന്നും ആണവ മോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നുവെന്നുമുള്ള ട്രംപിന്റെ പ്രസ്താവനയ്ക്കാണ് ഇറാന്‍ ബുധനാഴ്ച മറുപടി നല്‍കിയത്.


ഇറാന്‍ വികസിപ്പിച്ച മിസൈലുകള്‍ നിലവില്‍ യൂറോപ്പിനും വിദേശത്തെ അമേരിക്കന്‍ താവളങ്ങള്‍ക്കും ഭീഷണിയാണെന്നും ഉടന്‍ തന്നെ അവ അമേരിക്കയില്‍ എത്തുമെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്.


'ഇറാന്റെ ആണവ പദ്ധതിയെയോ ബാലിസ്റ്റിക് മിസൈലുകളെയോ കുറിച്ച് അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം വലിയ നുണകളുടെ ആവര്‍ത്തനം മാത്രമാണ്,' എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ പറഞ്ഞു.

കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെതിരെ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. എന്നാല്‍ ചെറിയൊരു ആക്രമണത്തെപ്പോലും വലിയ യുദ്ധപ്രഖ്യാപനമായി കാണുമെന്നും ശക്തമായി പ്രതികരിക്കുമെന്നും ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി.


'ഇറാന്‍ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. പരസ്പര താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു കരാര്‍ ഇപ്പോള്‍ കൈയെത്തും ദൂരത്താണ്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.


പ്രതിസന്ധികള്‍ക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം വട്ട നയതന്ത്ര ചര്‍ച്ചകള്‍ വ്യാഴാഴ്ച സ്വിസ് നഗരമായ ജനീവയില്‍ നടക്കും.

കഴിഞ്ഞ വര്‍ഷം അഞ്ച് തവണ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അവ തടസ്സപ്പെടുകയായിരുന്നു. മേഖലയില്‍ അമേരിക്ക വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Advertisment