അമേരിക്കൻ രാഷ്ട്രീയ നേതാവിനെ വധിക്കാൻ ഗൂഢാലോചന: പാകിസ്താൻ സ്വദേശി ന്യൂയോർക്കിൽ വിചാരണ നേരിടുന്നു

മര്‍ച്ചന്റിന്റെ ലാപ്ടോപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റാലി നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള തിരച്ചിലുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

New Update
Untitled

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പാകിസ്താന്‍ സ്വദേശിയായ ആസിഫ് മര്‍ച്ചന്റിന്റെ (47) വിചാരണ ന്യൂയോര്‍ക്കില്‍ ആരംഭിച്ചു.

Advertisment

ഭീകരവാദ ശ്രമം ഉള്‍പ്പെടെയുള്ള ഫെഡറല്‍ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് മര്‍ച്ചന്റ് കോടതിയില്‍ വാദിച്ചു.

കൊലപാതകം നടത്താനായി മര്‍ച്ചന്റ് വാടകക്കൊലയാളികളെ സമീപിക്കുകയും അവര്‍ക്ക് 5,000 ഡോളര്‍ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ കൊലയാളികളായി വേഷമിട്ട എഫ്.ബി.ഐ ഏജന്റുമാരായിരുന്നു.


2024 ജൂണില്‍ ഒരു ഹോട്ടലില്‍ വെച്ച് നാപ്കിന്‍ പേപ്പറില്‍ വസ്തുക്കള്‍ വെച്ച് കൊലപാതകം എങ്ങനെ നടത്തണമെന്ന് ഇയാള്‍ വിവരിച്ചു. ഒരു രാഷ്ട്രീയ റാലിക്കിടെ നേതാവിനെ വെടിവെക്കണമെന്നും, കൊലയാളിക്ക് രക്ഷപ്പെടാന്‍ ശ്രദ്ധ തിരിക്കാനായി അവിടെ ഒരു പ്രതിഷേധം സംഘടിപ്പിക്കണമെന്നുമായിരുന്നു പദ്ധതി.


ആരെയാണ് വധിക്കേണ്ടതെന്ന് പേര് വെളിപ്പെടുത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ പിടിയിലായി. എങ്കിലും 'പാകിസ്താനെയും മുസ്ലിം ലോകത്തെയും ഉപദ്രവിക്കുന്ന ഒരാള്‍' ആയിരിക്കും ലക്ഷ്യമെന്ന് ഇയാള്‍ ഇടനിലക്കാരനോട് പറഞ്ഞിരുന്നു.

മര്‍ച്ചന്റിന്റെ ലാപ്ടോപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റാലി നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള തിരച്ചിലുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.


മര്‍ച്ചന്റിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ നദീം അലി എന്ന ഇടനിലക്കാരനാണ് വിവരം എഫ്.ബി.ഐയെ അറിയിച്ചത്. ഇയാള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ വിചാരണയുടെ ആദ്യ ദിനം കോടതിയില്‍ കേള്‍പ്പിച്ചു. മര്‍ച്ചന്റ് നല്‍കിയ 5,000 ഡോളര്‍ എഫ്.ബി.ഐ ഏജന്റുമാര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.


2024 ജൂലൈ 13-ന് പെന്‍സില്‍വേനിയയില്‍ വെച്ച് ട്രംപിന് നേരെ നടന്ന വധശ്രമത്തിന് ആഴ്ചകള്‍ക്ക് മുമ്പാണ് ഈ ഗൂഢാലോചന നടന്നത്. എന്നാല്‍ ആ വധശ്രമവുമായി ഇതിന് ബന്ധമില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാന്റെ ഭാഗത്ത് നിന്ന് ട്രംപിന് ഭീഷണിയുണ്ടെന്ന് അമേരിക്ക നേരത്തെ സൂചിപ്പിച്ചിരുന്നു. ആസിഫ് മര്‍ച്ചന്റിന് പാകിസ്താനിലും ഇറാനിലും കുടുംബങ്ങളുണ്ട്.

Advertisment