പാക്-അഫ്ഗാൻ 'തുറന്ന യുദ്ധം': ഇടപെടാനില്ലെന്ന് ട്രംപ്; പാകിസ്ഥാൻ പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ്

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറിനെയും അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു.

New Update
Untitled

ഡല്‍ഹി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ 'തുറന്ന യുദ്ധം' തുടരുമ്പോഴും വിഷയത്തില്‍ ഇടപെടാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറിനെയും അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു.


വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്. 'എനിക്ക് ഇടപെടാന്‍ സാധിക്കും, പക്ഷേ പാകിസ്ഥാനുമായി ഞാന്‍ വളരെ നല്ല ബന്ധത്തിലാണ്. അവര്‍ക്ക് മികച്ചൊരു പ്രധാനമന്ത്രിയും മികച്ചൊരു ജനറലുമുണ്ട്. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന രണ്ട് വ്യക്തികളാണവര്‍. പാകിസ്ഥാന്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്,' ട്രംപ് പറഞ്ഞു.


അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണം നടത്തുകയും താലിബാന്‍ ഭരണകൂടത്തിനെതിരെ 'തുറന്ന യുദ്ധം' പ്രഖ്യാപിക്കുകയും ചെയ്ത പാകിസ്ഥാന്‍ നടപടിയെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും പിന്തുണച്ചു. താലിബാന്‍ ആക്രമണങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്ന് പൊളിറ്റിക്കല്‍ അഫയേഴ്‌സ് അണ്ടര്‍ സെക്രട്ടറി ആലിസണ്‍ ഹുക്കര്‍ വ്യക്തമാക്കി.

എന്നാല്‍ പോരാട്ടം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ബ്രിട്ടന്‍, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വെടിനിര്‍ത്തലിനും സമാധാനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഞായറാഴ്ച പാകിസ്ഥാന്‍ നടത്തിയ മാരകമായ വ്യോമാക്രമണത്തിന് തിരിച്ചടിയായി വ്യാഴാഴ്ച രാത്രി അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച പുലര്‍ച്ചെ കാബൂള്‍ ഉള്‍പ്പെടെയുള്ള മൂന്ന് അഫ്ഗാന്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ ശക്തമായ വ്യോമാക്രമണം നടത്തി.


അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്ക് അഫ്ഗാന്‍ താലിബാന്‍ ഭരണകൂടം സഹായം നല്‍കുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. കൂടാതെ ഇന്ത്യയുമായി താലിബാന്‍ സഖ്യമുണ്ടാക്കുന്നുവെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നു.


ഖത്തര്‍ വീണ്ടും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഒക്ടോബറില്‍ നടന്ന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ ഡസന്‍ കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

Advertisment