'ലക്ഷ്യം ലോകസമാധാനം, ബോംബാക്രമണം തുടരും'; ഖമേനിയുടെ വധത്തിന് പിന്നാലെ ട്രംപിന്റെ പുതിയ പ്രഖ്യാപനം

'അതിശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം തടസ്സമില്ലാതെ തുടരും. ആവശ്യമെങ്കില്‍ അതിന് ശേഷവും ആക്രമണമുണ്ടാകും,' ട്രംപ് കുറിച്ചു.

New Update
trump

ന്യൂയോര്‍ക്ക്:  ആയത്തുള്ള അലി ഖമേനിയുടെ മരണം ഇറാനിലെ യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളുടെ അവസാനമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. മിഡില്‍ ഈസ്റ്റിലും ലോകമെമ്പാടും സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നത് വരെ ആക്രമണം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.


'അതിശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം തടസ്സമില്ലാതെ തുടരും. ആവശ്യമെങ്കില്‍ അതിന് ശേഷവും ആക്രമണമുണ്ടാകും,' ട്രംപ് കുറിച്ചു.

ഇറാന്റെ സൈനിക-ഭരണ കേന്ദ്രങ്ങളെ തകര്‍ക്കുക എന്നതിനൊപ്പം ഇറാന്‍ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു.


ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളാണ് ഖമേനിയെന്ന് ട്രംപ് വിശേഷിപ്പിച്ചു. അമേരിക്കയുടെ അത്യാധുനിക രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ട്രാക്കിംഗ് സംവിധാനങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഖമേനിക്കോ മറ്റ് നേതാക്കള്‍ക്കോ സാധിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.


നിലവിലെ ഇറാനിയന്‍ സര്‍ക്കാരിനെ മാറ്റി പ്രതിപക്ഷവുമായി ചേര്‍ന്ന് പുതിയൊരു സംവിധാനം വരണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലുമായി സഹകരിച്ചാണ് ഈ ഓപ്പറേഷന്‍ നടത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഖമേനിയുടെ വസതിയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ബോംബാക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Advertisment