ടെഹ്‌റാൻ കത്തുന്നു: ഇറാൻ നാവികസേനയെ തകർത്ത് അമേരിക്ക. സൈനികരുടെ മരണത്തിന് പകരം ചോദിക്കുമെന്ന് ട്രംപ്

ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങളില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ച് 2,000 പൗണ്ട് ഭാരമുള്ള ബോംബുകള്‍ വര്‍ഷിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

ഇറാന്റെ കരുത്തുറ്റ റെവല്യൂഷണറി ഗാര്‍ഡിന്റെ ആസ്ഥാനം തകര്‍ത്തതായും ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചതായും അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.


പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ലോക സമ്പദ്വ്യവസ്ഥയും മധ്യേഷ്യയും വലിയ അനിശ്ചിതത്വത്തിലാണ്. ഞായറാഴ്ച 'ഡെയ്ലി മെയിലിന്' നല്‍കിയ അഭിമുഖത്തില്‍, ഇറാന്‍ വലിയൊരു രാജ്യമായതിനാല്‍ സൈനിക നീക്കം പൂര്‍ത്തിയാക്കാന്‍ നാല് ആഴ്ചയോ അതില്‍ കുറവോ സമയം വേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് താന്‍ ഇപ്പോഴും തയ്യാറാണെന്നും എന്നാല്‍ ഇറാന്‍ കഴിഞ്ഞ ആഴ്ചയായിരുന്നു അതിന് ശ്രമിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


യുദ്ധത്തിന്റെ രണ്ടാം ദിവസം 48 ഇറാനിയന്‍ നേതാക്കളെ വധിച്ചതായും ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അറിയിച്ചു. ബാക്കിയുള്ളവയെ തകര്‍ക്കാന്‍ നാവികസേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച അമേരിക്കന്‍ ഭാഗത്ത് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കിലും, ഞായറാഴ്ച മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുവൈറ്റിലെ സൈനിക താവളത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സൂചനയുണ്ട്. സൈനികരുടെ മരണത്തിന് അതിക്രൂരമായി പകരം ചോദിക്കുമെന്ന് ട്രംപ് പ്രതിജ്ഞ ചെയ്തു.

ശനിയാഴ്ച മുതല്‍ ഇറാന്റെ 1,000-ത്തിലധികം കേന്ദ്രങ്ങളില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രങ്ങളില്‍ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഉപയോഗിച്ച് 2,000 പൗണ്ട് ഭാരമുള്ള ബോംബുകള്‍ വര്‍ഷിച്ചു.


ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് അമേരിക്കന്‍-ബ്രിട്ടീഷ് എണ്ണക്കപ്പലുകള്‍ തകര്‍ത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു. കുവൈറ്റിലെയും ബഹ്റൈനിലെയും സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളും നടത്തി.


ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് അടക്കം മധ്യേഷ്യയിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയത് ആഗോള വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി. ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുമെന്ന് ഉറപ്പായി.

ഇറാനില്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ നേതൃത്വത്തിലുള്ള സമിതി താല്‍ക്കാലികമായി ഭരണചുമതല ഏറ്റെടുത്തിട്ടുണ്ട്.

Advertisment