'ഇറാൻ ജനത ഭരണകൂടത്തെ അട്ടിമറിക്കണം, അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട്'; കൊല്ലപ്പെട്ട സൈനികർക്ക് പകരം ചോദിക്കുമെന്ന് ട്രംപ്

ഇറാന്റെ ഒമ്പതോളം യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായും ബാക്കിയുള്ളവ ഉടന്‍ കടലിന്റെ അടിത്തട്ടിലാകുമെന്നും ട്രംപ് അവകാശപ്പെട്ടു.

New Update
Untitled

വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കം ('ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി') ലക്ഷ്യങ്ങള്‍ കാണുന്നത് വരെ പൂര്‍ണ്ണശക്തിയോടെ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങളിലും നാവികസേനാ ആസ്ഥാനങ്ങളിലും അമേരിക്കയും ഇസ്രായേലും കനത്ത ബോംബാക്രമണം തുടരുകയാണ്.

Advertisment

ഇറാന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട മൂന്ന് അമേരിക്കന്‍ സൈനികരുടെ മരണത്തിന് അതിശക്തമായി പകരം ചോദിക്കുമെന്ന് ട്രംപ് പ്രതിജ്ഞ ചെയ്തു. 'ഇതൊരു തുടക്കം മാത്രമാണ്, യുദ്ധം അവസാനിക്കുന്നതിന് മുന്‍പ് ഇനിയും നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നാഗരികതയ്ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ച ഭീകരര്‍ക്ക് അമേരിക്ക കനത്ത പ്രഹരം നല്‍കും,' ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.


ഇറാന്റെ ഒമ്പതോളം യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായും ബാക്കിയുള്ളവ ഉടന്‍ കടലിന്റെ അടിത്തട്ടിലാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ സൈനിക കമാന്‍ഡ് സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്, പോലീസ്, സൈന്യം എന്നിവര്‍ ആയുധം താഴെവെച്ച് കീഴടങ്ങണം. അല്ലാത്തപക്ഷം അവര്‍ നേരിടാന്‍ പോകുന്നത് ഉറപ്പായ മരണമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. കീഴടങ്ങുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.


കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ 'ദുഷ്ടനും അധമനും' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ രക്തം ഖമേനിയുടെ കൈകളിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


ഇറാനിലെ ദേശാഭിമാനികള്‍ ഈ അവസരം ഉപയോഗപ്പെടുത്തി തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. 'ധൈര്യശാലികളാകൂ, നിങ്ങളുടെ രാജ്യം തിരിച്ചുപിടിക്കൂ... അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട്,' എന്ന സന്ദേശമാണ് അദ്ദേഹം ഇറാന്‍ ജനതയ്ക്ക് നല്‍കിയത്.

ഭീകരസേനയെ വളര്‍ത്തുന്ന ഒരു രാജ്യം ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.

Advertisment