/sathyam/media/media_files/2026/03/03/untitled-2026-03-03-08-47-33.jpg)
ടെഹ്റാന്‍: ഇറാനെതിരായ സൈനിക നടപടി ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലുടനീളം പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചു. ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കും നേരെ ഇറാനും സഖ്യകക്ഷികളും ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തുന്നത്.
ഖത്തറിലെ ഊര്‍ജ്ജ നിലയങ്ങള്‍, സൗദി അറേബ്യയിലെ അമേരിക്കന്‍ എംബസി എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായി. സുരക്ഷിതമെന്ന് കരുതിയിരുന്ന ദുബായ് അടക്കമുള്ള നഗരങ്ങളിലും മിസൈല്‍ പതനമുണ്ടായതോടെ ആഗോള തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു.
നിലവിലെ സൈനിക നീക്കം നാല് മുതല്‍ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്നും ആവശ്യമെങ്കില്‍ അതില്‍ കൂടുതല്‍ കാലം തുടരാന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവികസേനയെ ഇല്ലാതാക്കുക, ആണവായുധം കൈക്കലാക്കുന്നത് തടയുക, ഹിസ്ബുള്ള പോലുള്ള സംഘടനകള്‍ക്ക് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം കൂട്ടിിച്ചേര്‍ത്തു.
'അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും ശക്തമായ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ,' എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കോണ്‍ഗ്രസ് അംഗങ്ങളോട് പറഞ്ഞു. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പത്തോളം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പൗരന്മാരോട് ഒഴിഞ്ഞുപോരാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇസ്രായേലിന് വേണ്ടിയാണ് അമേരിക്ക ഈ യുദ്ധത്തിലേക്ക് ഇറങ്ങിയതെന്ന് മാര്‍ക്കോ റൂബിയോ സമ്മതിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അരാഗ്ചി ആരോപിച്ചു. ഇറാന്‍ ഒരു ഭീഷണിയാണെന്ന വാദം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ടെഹ്റാനില്‍ ബോംബാക്രമണം തുടരുന്ന സാഹചര്യത്തില്‍, 'അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ല' എന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനി വ്യക്തമാക്കി.
തിങ്കളാഴ്ച ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈലുകള്‍ വിക്ഷേപിച്ചതോടെ പല രാജ്യങ്ങളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us