ശതകോടികളുടെ താരിഫ് തിരിച്ചടവ്: ട്രംപ് സർക്കാരിന്റെ തടസ്സവാദം ഫെഡറൽ കോടതി തള്ളി

ഫെബ്രുവരി 20-നാണ് ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപകമായ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

New Update
Untitled

വാഷിംഗ്ടണ്‍: നിയമവിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറക്കുമതി തീരുവ തിരികെ നല്‍കുന്ന നടപടികള്‍ വൈകിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറല്‍ കോടതി തള്ളി. തിരിച്ചടവ് പ്രക്രിയയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഉത്തരവിട്ടു.

Advertisment

നടപടികളുമായി പതുക്കെ മുന്നോട്ട് പോയാല്‍ മതിയെന്നും 90 ദിവസത്തെ സാവകാശം വേണമെന്നും വെള്ളിയാഴ്ച നീതിന്യായ വകുപ്പ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജഡ്ജിമാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.


ഫെബ്രുവരി 20-നാണ് ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപകമായ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചത്.

ഇതോടെ ഈ നികുതി അടച്ച ഇറക്കുമതിക്കാര്‍ക്ക് പണം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു. ഡിസംബര്‍ പകുതി വരെ ഏകദേശം 130 ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുത്തത്. പലിശയടക്കം തിരിച്ചടവ് തുക 175 ബില്യണ്‍ ഡോളര്‍ (ഏകദേശം 14.5 ലക്ഷം കോടി രൂപ) വരെയാകാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


തിരിച്ചടവ് എങ്ങനെ വേണമെന്ന കാര്യത്തില്‍ സുപ്രീം കോടതി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാത്തതിനാല്‍, ന്യൂയോര്‍ക്കിലെ യുഎസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് ആയിരിക്കും ഈ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.


സുപ്രീം കോടതി വിധി എങ്ങനെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു എന്നതിനെക്കുറിച്ച് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്രയും വലിയ തുക പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ ഖജനാവില്‍ പണമില്ലാത്തത് ട്രംപ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ തിരിച്ചടവ് തുക കണ്ടെത്താനായി മറ്റ് പുതിയ നികുതികള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment