"ഉടൻ മടങ്ങുക": പശ്ചിമേഷ്യയിലെ അമേരിക്കൻ പൗരന്മാർക്ക് കർശന മുന്നറിയിപ്പുമായി യുഎസ്

ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി

New Update
Untitled

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടനടി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് അമേരിക്ക.

Advertisment

ഇറാന് നേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെ സുരക്ഷാ ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ അടിയന്തര മുന്നറിയിപ്പ്.


ലഭ്യമായ വിമാന സര്‍വീസുകളോ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളോ ഉപയോഗിച്ച് പൗരന്മാര്‍ 'ഇപ്പോള്‍ത്തന്നെ പുറപ്പെടണം' എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.


ബഹ്റൈന്‍, ഈജിപ്ത്, കുവൈറ്റ്, ലെബനന്‍, ഇറാന്‍, ഒമാന്‍, ഇറാഖ്, ഖത്തര്‍, ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE), ജോര്‍ദാന്‍, യമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ നടന്നുവരുന്ന സൈനിക നടപടിയെ 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു.


'പശ്ചിമേഷ്യയിലുള്ള അമേരിക്കക്കാരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാ വിവരങ്ങള്‍ പൗരന്മാരിലേക്ക് എത്തിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്,' റൂബിയോ പറഞ്ഞു.


അടുത്തുള്ള യുഎസ് എംബസിയില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ വിവരങ്ങള്‍ ലഭിക്കുന്നതിനായി 'സ്മാര്‍ട്ട് ട്രാവലര്‍ എന്റോള്‍മെന്റ് പ്രോഗ്രാമില്‍' രജിസ്റ്റര്‍ ചെയ്യാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സഹായത്തിനായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം:

വിദേശത്ത് നിന്ന്: +1-202-501-4444

യുഎസില്‍ നിന്നും കാനഡയില്‍ നിന്നും: +1-888-407-4747

വെബ്‌സൈറ്റ്: http://step.state.gov

Advertisment