എപ്‌സ്റ്റീൻ കേസിലെ 'കാണാതായ' ഫയലുകൾ പുറത്ത്; ട്രംപിനെതിരായ ആരോപണങ്ങളിൽ തെളിവില്ലെന്ന് യുഎസ്

തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും 2020-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കഥകളാണിതെന്നുമാണ് ട്രംപിന്റെ നിലപാട്.

New Update
Untitled

വാഷിംഗ്ടണ്‍: ലൈംഗിക അതിക്രമക്കേസില്‍ പ്രതിയായിരിക്കെ ജയിലില്‍ മരിച്ച ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളിലെ കൂടുതല്‍ വിവരങ്ങള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു.

Advertisment

നേരത്തെ പുറത്തുവിട്ട ഫയലുകളില്‍ നിന്ന് അബദ്ധവശാല്‍ ഒഴിവാക്കപ്പെട്ട ചില രേഖകളാണ് ഇപ്പോള്‍ പരസ്യമാക്കിയത്. ഇതില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും ഇവയ്ക്ക് തെളിവുകളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.


1980-കളില്‍ എപ്സ്റ്റീന്‍ തന്നെ പീഡിപ്പിച്ചുവെന്നും, ഒരിക്കല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അദ്ദേഹത്തെ കടിച്ചുവെന്നുമാണ് ഒരു സ്ത്രീ എഫ്.ബി.ഐയോട് പറഞ്ഞിരുന്നത്.

ഈ ആരോപണങ്ങളില്‍ പലതും വസ്തുതാവിരുദ്ധമാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. ആരോപിക്കപ്പെട്ട സമയത്ത് എപ്സ്റ്റീന്‍ ആ പ്രദേശത്ത് താമസിച്ചിരുന്നില്ല. കൂടാതെ, കൂടുതല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാതെ ഈ സ്ത്രീ പിന്നീട് പിന്മാറുകയും ചെയ്തു.

തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും 2020-ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെട്ടിച്ചമച്ച കഥകളാണിതെന്നുമാണ് ട്രംപിന്റെ നിലപാട്.


ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം കാട്ടിയെന്നാരോപിച്ച് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് എതിരെ യുഎസ് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. വിവരങ്ങള്‍ മറച്ചുവെച്ചു എന്നാരോപിച്ച് ബോണ്ടിയെ ചോദ്യം ചെയ്യാന്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി തീരുമാനിച്ചു. ഡെമോക്രാറ്റുകള്‍ക്ക് പുറമെ ട്രംപിന്റെ സ്വന്തം പാര്‍ട്ടിയിലെ അഞ്ച് അംഗങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചു എന്നത് ശ്രദ്ധേയമാണ്.


രേഖകളുടെ വന്‍ശേഖരം വേഗത്തില്‍ പരിശോധിച്ചു പ്രസിദ്ധീകരിക്കുന്നതിനിടയില്‍ സംഭവിച്ച സാങ്കേതിക പിഴവുകള്‍ മാത്രമാണ് ഈ വിവരങ്ങള്‍ വിട്ടുപോകാന്‍ കാരണമെന്നാണ് നീതിന്യായ വകുപ്പിന്റെ വിശദീകരണം.

Advertisment