/sathyam/media/media_files/2025/05/31/kFbJvJsOirljfpTSiVxU.jpg)
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നു. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലെ പ്രധാന ഇന്ധന സംഭരണശാലകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രദേശം അഗ്‌നിഗോളമായി മാറി.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തില്‍ ഇറാനെ ഞെട്ടിക്കുന്ന 'നിരവധി അപ്രതീക്ഷിത നീക്കങ്ങള്‍' ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ ഇറാനെതിരെ അതിശക്തമായ സൈനിക നടപടി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഖ്യാപിച്ചു.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇറാന്റെ ഒരു സിവില്‍ വ്യവസായ കേന്ദ്രത്തെ ലക്ഷ്യമിടുന്നത്. തലസ്ഥാന നഗരത്തിലേക്കുള്ള ഇന്ധന വിതരണത്തെ ബാധിക്കുന്ന രീതിയിലായിരുന്നു ആക്രമണം. അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണ് ഈ 'ഭീകരാക്രമണം' നടത്തിയതെന്ന് ഇറാന്‍ ആരോപിച്ചു.
'ഇന്ന് ഇറാന്‍ അതിശക്തമായി ആക്രമിക്കപ്പെടും' എന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചു. കൂടുതല്‍ ഇറാന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെയ്റൂട്ടിലെ ഒരു ഹോട്ടലിന് നേരെ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം.
തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ നടത്തിയ വിവിധ വ്യോമാക്രമണങ്ങളില്‍ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 47 കടന്നു.
കുവൈറ്റ്, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കാന്‍ സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
അയല്‍രാജ്യങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മാപ്പ് പറഞ്ഞെങ്കിലും, ഇസ്രായേലും അമേരിക്കയും ആക്രമണം കടുപ്പിക്കുകയാണ്. വ്യോമപാതകള്‍ അടച്ചതും എണ്ണശാലകള്‍ തകര്‍ന്നതും മേഖലയിലെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us