അയൽരാജ്യങ്ങളിൽ നിന്ന് ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്; മേഖലയിൽ യുദ്ധം കടുക്കുന്നു

ബെയ്റൂട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ റൗഷെയിലെ ഹോട്ടലിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടു.

New Update
Untitled

ബെയ്റൂട്ട്: പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ ഭീതിജനകമായ തലത്തിലേക്ക്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ച 'അപ്രതീക്ഷിത നീക്കങ്ങളുടെ' ഭാഗമായി ഇറാനിലും ലെബനനിലും ഇസ്രായേല്‍-യുഎസ് സഖ്യം ശക്തമായ ആക്രമണം അഴിച്ചുവിട്ടു.

Advertisment

ഇതിനുപിന്നാലെ, അയല്‍രാജ്യങ്ങളിലെ താവളങ്ങള്‍ ഉപയോഗപ്പെടുത്തി ഇറാനെ ലക്ഷ്യം വെച്ചാല്‍ ശക്തമായ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മുന്നറിയിപ്പ് നല്‍കി.


ബെയ്റൂട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ റൗഷെയിലെ ഹോട്ടലിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ടു. ശനിയാഴ്ച മാത്രം നടന്ന വിവിധ ആക്രമണങ്ങളില്‍ ലെബനനില്‍ 47 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഹോട്ടല്‍ ആക്രമണത്തില്‍ നാല് പേര്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി ഇറാന്റെ വ്യാവസായിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.

തെഹ്റാനിലെ പ്രധാന എണ്ണശേഖരണ ശാലയ്ക്ക് തീപിടിച്ചതോടെ തലസ്ഥാന നഗരത്തിലേക്കുള്ള ഇന്ധനവിതരണം താറുമാറായി. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ഗൂഢാലോചനയാണിതെന്ന് ഇറാന്‍ ആരോപിച്ചു.


മേഖലയിലെ സംഘര്‍ഷം മറ്റു രാജ്യങ്ങളിലേക്കും പടരുന്നതിന്റെ സൂചനയായി കുവൈറ്റില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം ഉണ്ടായി. സംഭവത്തില്‍ രണ്ട് അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.


'സമാധാന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ സ്ഥാനമില്ല' എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെ ഇനിയും കഠിനമായി പ്രഹരിക്കുമെന്നും, ഈ സൈനിക നീക്കം അവസാനിക്കുന്നതോടെ ഇന്ധനവില കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലെ ആക്രമണങ്ങളെ ഒരു 'ചെറിയ യാത്ര' മാത്രമായാണ് ട്രംപ് വിശേഷിപ്പിച്ചത്.

Advertisment