ന്യൂയോര്‍ക്ക്: കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 30 ദിവസത്തേക്ക് അമേരിക്ക തീരുവ ചുമത്തുന്നത് നീട്ടിവെക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
രണ്ട് പ്രധാന വ്യാപാര പങ്കാളികള്‍ക്ക് മേല്‍ യുഎസ് 25 ശതമാനം കനത്ത തീരുവ ചുമത്തിയതിന് പിന്നാലെ ഇത് ഒരു വ്യാപാര യുദ്ധത്തിന് കാരണമായിരുന്നു
താരിഫ് താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിക്കുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി രണ്ട് ഫോണ്‍ കോളുകള്‍ നടത്തുകയും തിങ്കളാഴ്ച മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പാര്‍ഡോയുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈനയ്ക്ക് മേലുള്ള 10 ശതമാനം താരിഫ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വരും.
അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള മിക്ക ഇറക്കുമതികള്‍ക്കും 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവും തീരുവ ചുമത്താന്‍ ട്രംപ് ശനിയാഴ്ച ഉത്തരവിട്ടിരുന്നു.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ നടപടി പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചു. പ്രതികാരമായി കാനഡയും മെക്‌സിക്കോയും എതിര്‍ താരിഫ് പ്രഖ്യാപിച്ചു
ട്രംപ് ഉന്നയിച്ച അതിര്‍ത്തി ആശങ്കകളില്‍ തങ്ങള്‍ കൂടുതല്‍ സഹകരണം വാഗ്ദാനം ചെയ്യുകയും അതിര്‍ത്തി സുരക്ഷാ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് തീരുവ കുറഞ്ഞത് 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്താന്‍ യുഎസ് പ്രസിഡന്റ് സമ്മതിച്ചതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.