ന്യൂയോര്‍ക്ക്: യുദ്ധത്താല്‍ തകര്‍ന്ന പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിച്ച ശേഷം ഗാസയെ തന്റെ രാജ്യം ഏറ്റെടുക്കുമെന്നും അത് വികസിപ്പിച്ച് സ്വന്തമാക്കുകയും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഗാസയുടെ ദീര്‍ഘകാല ഉടമസ്ഥാവകാശം യുഎസിന് താന്‍ കാണുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ട്രംപിന്റെ പ്രഖ്യാപനം ചരിത്രത്തെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഒന്നാണെന്ന് ട്രംപിനൊപ്പം സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ട്രംപ് ഗാസയ്ക്ക് വ്യത്യസ്തമായ ഒരു ഭാവി വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പ്രഖ്യാപനം ലോകമെമ്പാടും ഞെട്ടല്‍ സൃഷ്ടിക്കുമെന്നും മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ ചലനാത്മകതയെ സാരമായി ബാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.