വാഷിംഗ്ടണ്‍: 12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടൊപ്പം, മറ്റ് ഏഴ് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്ക് വരുന്ന ആളുകള്‍ക്ക് ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രംപ് പുതിയ ഒരു പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. ദേശീയ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അദ്ദേഹം ഈ തീരുമാനം എടുത്തത്. റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കയിലേക്ക് വരുന്നത് പൂര്‍ണ്ണമായും വിലക്കിയിട്ടുള്ള 12 രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.
ഇതിനുപുറമെ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്ഥാന്‍, വെനിസ്വേല എന്നിവയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഭാഗിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് പ്രത്യേക വ്യവസ്ഥകളും കര്‍ശന അന്വേഷണവും ബാധകമായിരിക്കും.
ട്രംപ് ഇത്തരമൊരു നയം സ്വീകരിക്കുന്നത് ഇതാദ്യമല്ല. തന്റെ ആദ്യ ടേമിന്റെ തുടക്കത്തില്‍, ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അദ്ദേഹം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു, പിന്നീട് 2018 ല്‍ യുഎസ് സുപ്രീം കോടതി ഇത് അംഗീകരിച്ചു.
ദേശീയ സുരക്ഷയ്ക്കും പൗരന്മാരുടെ താല്‍പ്പര്യത്തിനും വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തീവ്ര ഇസ്ലാമിക ഭീകരര്‍ അമേരിക്കയിലേക്ക് വരുന്നത് തടയാന്‍ യാത്രാ നിരോധനം വീണ്ടും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യുഎസിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്ന 12 രാജ്യങ്ങളിലെ പൗരന്മാര്‍ സ്‌ക്രീനിംഗിലും സുരക്ഷാ പരിശോധനകളിലും പരാജയപ്പെട്ടുവെന്നും അവരെ യുഎസിന് ഗുരുതരമായ ഭീഷണിയായി കണക്കാക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു.
അപകടകരമായ വിദേശ ഘടകങ്ങളില്‍ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുമെന്ന തന്റെ വാഗ്ദാനം പ്രസിഡന്റ് ട്രംപ് പാലിച്ചതായി വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ല്‍ ജാക്‌സണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ എഴുതി.