ന്യൂയോര്‍ക്ക്: എന്ത് നല്ലകാര്യം ചെയ്താലും തനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ലെന്ന് പരിഭവം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക് സംഘര്‍ഷം പരാമര്‍ശിച്ചാണ് ട്രംപിന്റെ ഈ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചാലും തനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ലെന്ന് ട്രംപ് പറഞ്ഞു.
'ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിയാലും എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല... ഞാന്‍ എന്ത് ചെയ്താലും എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കില്ല,' എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
പാകിസ്ഥാനുമായുള്ള ശത്രുതയുടെ ഒരു ഘട്ടത്തിലും യുഎസ് ഭരണകൂടവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം നടന്നപ്പോള്‍ ട്രംപ് നടത്തിയെന്ന് അവകാശപ്പെടുന്ന 'നയതന്ത്ര ഇടപെടലും നിര്‍ണായക നേതൃത്വവും' ചൂണ്ടിക്കാട്ടി് പാകിസ്ഥാന്‍ ട്രംപിനെ നോബല്‍ സമ്മാനത്തിന് നിര്‍ദേശിച്ചിരുന്നു.
താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപ് നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ''എനിക്ക് നാലോ അഞ്ചോ തവണ നോബല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു.
അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ,'' എന്നാണ് ട്രംപിന്റെ പ്രതികരണം.