വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി ഇളവ് പാക്കേജ് യുഎസ് കോണ്‍ഗ്രസില്‍ അവസാന ഘട്ടം കടന്നു. റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള പ്രതിനിധി സഭ ഈ നികുതി ഇളവ് ബില്ലും ചെലവ് ബില്ലും 218-214 എന്ന നേരിയ ഭൂരിപക്ഷത്തോടെ അംഗീകരിച്ച് ട്രംപിന്റെ ഒപ്പിനായി അയച്ചു. ട്രംപ് ഒപ്പുവച്ചാല്‍ ബില്‍ നിയമമാകും.
'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' എന്നറിയപ്പെടുന്ന ഈ നിയമം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റിന് ഇത് ഒരു വലിയ രാഷ്ട്രീയ വിജയമാണ്.
ബില്‍ പാസായതോടെ അതിര്‍ത്തി സുരക്ഷ, സൈനിക ചെലവുകള്‍, കൂട്ട നാടുകടത്തല്‍ എന്നിവയ്ക്കുള്ള ഫണ്ടുകള്‍ വര്‍ദ്ധിക്കും. എന്നാല്‍ മെഡികെയറില്‍ വെട്ടിക്കുറവുകളും, സര്‍ക്കാര്‍ കടത്തില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ കൂടി ചേരലും ഈ ബില്‍ വഴി ഉണ്ടാകും.
നികുതി സംബന്ധിച്ച സംയുക്ത സമിതിയുടെ കണക്കു പ്രകാരം, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കടത്തില്‍ 3.3 ട്രില്യണ്‍ ഡോളര്‍ കൂടി ചേര്‍ക്കാനും, വരുമാനം 4.5 ട്രില്യണ്‍ ഡോളര്‍ കുറയ്ക്കാനും, ചെലവ് 1.2 ട്രില്യണ്‍ ഡോളര്‍ കുറയ്ക്കാനും ഈ ബില്‍ കാരണമാകും.
ഹ്രസ്വകാലത്ത് യുഎസ് ഗവണ്‍മെന്റിന്റെ കടം തിരിച്ചടയ്ക്കല്‍ വീഴ്ച ഒഴിവാക്കുമെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ ദീര്‍ഘകാല കടം പ്രശ്‌നങ്ങള്‍ ഈ ബില്‍ കൂടുതല്‍ വഷളാക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ പദ്ധതികളില്‍ വെട്ടിക്കുറവുകളും, ഹരിത ഊര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ റദ്ദാക്കലും ബില്‍ കൊണ്ടുവരും.
നികുതി ഇളവുകളും ചെലവ് ബില്ലും എതിര്‍ത്തുകൊണ്ട് മുന്‍നിര ഡെമോക്രാറ്റ് നേതാവ് ഹക്കീം ജെഫ്രീസ് പ്രതിനിധി സഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തി.
എട്ട് മണിക്കൂറും 46 മിനിറ്റും നീണ്ട പ്രസംഗത്തില്‍ അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചു. ''ഈ രാജ്യത്തിന് ഇപ്പോള്‍ ആവശ്യമുള്ളത് ഇതല്ല. എന്നാല്‍ നമുക്ക് ലഭിക്കുന്നത് ഇതാണ് അരാജകത്വം, ക്രൂരത, അഴിമതി,'' എന്നാണ് ജെഫ്രീസ് വിമര്‍ശിച്ചത്.