വാഷിംഗ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതോടെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' നിയമമായി. അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4-നാണ് വൈറ്റ് ഹൗസില്‍ നടന്ന ഗംഭീര ചടങ്ങില്‍ ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്.
നികുതി ഇളവുകള്‍ സ്ഥിരമാക്കുക, കുടിയേറ്റ നിയന്ത്രണ നടപടികള്‍ക്ക് കൂടുതല്‍ ധനസഹായം, സൈന്യത്തിന് ചെലവ് വര്‍ദ്ധിപ്പിക്കല്‍, ക്ലീന്‍ എനര്‍ജി ഫണ്ടിംഗില്‍ വെട്ടിക്കുറവ്, മെഡിക്കെയ്ഡ് പോലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വെട്ടിക്കുറവ് എന്നിവയാണ് ബില്ലിന്റെ പ്രധാന ഘടകങ്ങള്‍.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സെനറ്റിലും കോണ്‍ഗ്രസിലും ബില്‍ പാസായി. 214 എതിര്‍ വോട്ടിന് 218 അനുകൂല വോട്ടാണ് ബില്‍ കോണ്‍ഗ്രസില്‍ നേടിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഭിന്നതകള്‍ മറികടന്നാണ് ബില്‍ പാസായത്.
'വാഗ്ദാനം നല്‍കി, വാഗ്ദാനം പാലിച്ചു,' എന്നായിരുന്നു ബില്‍ ഒപ്പുവച്ച ശേഷം ട്രംപിന്റെ പ്രതികരണം. ട്രംപും സഖ്യകക്ഷികളും ബില്ലിന്റെ വിജയത്തെ ആഘോഷിച്ചു.