ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ഇപ്പോള്‍ വളരെ പിരിമുറുക്കത്തിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി. ഇതിനുശേഷം, ഇന്ത്യയ്ക്ക് മേലുള്ള യുഎസ് താരിഫ് 50 ശതമാനമായി ഉയര്‍ന്നു.
ഇതിനിടയിലാണ് ഡൊണാള്‍ഡ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. താരിഫ് തര്‍ക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയ്ക്കും ഇല്ലെന്ന് യുഎസ് പ്രസിഡന്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ 50% താരിഫുകളുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവല്‍ ഓഫീസില്‍ നടന്ന ഒരു പിസി സെഷനില്‍ ചോദിച്ചപ്പോള്‍, 'ഇല്ല, ഞങ്ങള്‍ അത് പരിഹരിക്കുന്നതുവരെ ചര്‍ച്ചയില്ല' എന്ന് അദ്ദേഹം മറുപടി നല്‍കി.
പ്രാരംഭ 25% താരിഫ് ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വന്നു. അധിക തീരുവ 21 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും, കൂടാതെ യുഎസ് തുറമുഖങ്ങളില്‍ പ്രവേശിക്കുന്ന എല്ലാ ഇന്ത്യന്‍ സാധനങ്ങള്‍ക്കും ഇത് ബാധകമാകും.
വ്യാഴാഴ്ച, ന്യൂഡല്‍ഹിയില്‍ നടന്ന എം.എസ്. സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെ, പ്രധാനമന്ത്രി മോദി ഈ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുകയും സാമ്പത്തിക സമ്മര്‍ദ്ദത്തിന് മുന്നില്‍ ഇന്ത്യ പിന്നോട്ട് പോകില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
കര്‍ഷകരുടെ താല്‍പ്പര്യത്തിനാണ് ഞങ്ങള്‍ക്ക് ഏറ്റവും മുന്‍ഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താല്‍പ്പര്യങ്ങളില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് നമ്മള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് എനിക്കറിയാം, ഞാന്‍ അതിന് തയ്യാറാണ്. ഇന്ത്യ അതിന് തയ്യാറാണ്. മോദി പറഞ്ഞു.