വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ഫോൺ ചർച്ചയിൽ നിരാശ പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുദ്ധം അവസാനിപ്പിക്കാൻ പുടിനു താത്പര്യമില്ലെന്നും തനിക്കു വല്ലാതെ നിരാശ തോന്നിയെന്നും ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നാറ്റോ വിപുലീകരണം, യുക്രെയ്നുള്ള പാശ്ചാത്യ പിന്തുണ തുടങ്ങിയ മൂലകാരണങ്ങൾക്കു പരിഹാരം കണ്ടെത്താതെ യുദ്ധം അവസാനിപ്പിക്കാനില്ലെന്നു പുടിൻ ട്രംപിനോടു പറഞ്ഞതായി ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ, സമാധാന ചർച്ചയിൽ അമേരിക്കയെ മാറ്റിനിർത്താനുള്ള നീക്കങ്ങൾ റഷ്യ ആരംഭിച്ചതായും സൂചനയുണ്ട്. റഷ്യയും യുക്രെയ്നും തമ്മിലാണു സമാധാന ചർച്ചകൾ നടക്കേണ്ടതെന്നു പുടിന്റെ ഉപദേശകനായ യൂറി ഉഷക്കോവ് ഇന്നലെ പറഞ്ഞു. നേരിട്ടു കൂടിക്കാഴ്ച നടത്തുന്ന കാര്യം പുടിനും ട്രംപും ഫോണിൽ ചർച്ച ചെയ്തില്ലെന്നും ഉഷക്കോവ് കൂട്ടിച്ചേർത്തു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് നടത്തുന്ന ശ്രമങ്ങൾ ഏതാണ്ടു മരവിച്ചുവെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. വെടിനിർത്തലിനു പ്രേരിപ്പിക്കാൻ തക്ക സമ്മർദം പുടിനുമേൽ ചെലുത്താൻ ട്രംപിനു കഴിയുന്നില്ല.