/sathyam/media/media_files/hE1zvje164rlsCdVF85Z.jpg)
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഗതാഗത മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാറിനെ കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചപ്പോൾ.
ഷാർജ: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻറെ ഓണാഘോഷ പരിപാടി ഒക്ടോബർ 6 ഞായറാഴ്ച അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ വർണ്ണാഭമായ പരിപാടികളോട് നടക്കും.
രാവിലെ 9ന് അത്തപ്പൂക്കളം. തുടർന്ന് ഓണ വിളംബരം. പത്തരയ്ക്ക് വിശിഷ്ടാതിഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്ര. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ . ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര, സിനിമ നടനും നിർമ്മാതാവുമായ തോമസ് തിരുവല്ല എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. യുഎഇയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ നിസാർ സൈദ് ഉൾപ്പെടെയുള്ള സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഈ വർഷത്തെ കെയർ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും . പ്ലസ് ടു പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.
ഒരു മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യ. രണ്ടു മണിക്ക് കലാഭവൻ ബിജുവും കലാഭവൻ സമദും ചേർന്നു ഒരുക്കുന്ന "ലൈവ് മ്യൂസിക്കൽ എന്റർടൈൻമെന്റ് ഷോ" . വൈകിട്ട് അഞ്ചിന് വടംവലി മത്സരം നടക്കും. വയ്യാറ്റുപുഴ, ചിറ്റാർ, പാമ്പിനി, കൂത്താട്ടുകുളം , മീൻ കുഴി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ടീമുകൾ വടംവലി മത്സരത്തിൽ മാറ്റുരയ്ക്കും.
അത്തപ്പൂക്കളം, ചെണ്ടമേളം, തിറയാട്ടം, കാവടിയാട്ടം, മയിലാട്ടം, പുലികളി, തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്, ക്ലാസിക് നൃത്തങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നായി ഓണാഘോഷത്തിൽ പങ്കെടുക്കാൻ 800 അധികം പ്രവാസികൾ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് 6 30ന് പരിപാടികൾ അവസാനിക്കും.