/sathyam/media/media_files/bDcWpnlIfeYgu8N9ZGtW.jpg)
അജ്മാൻ: കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന വിധം കെഎസ്ആർടിസി സെമി സ്ലീപ്പർ ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ അജ്മാൻ റാഡിസൺ ബ്ലൂ കോംപ്ലക്സിൽ നടത്തിയ ചിറ്റാറോണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയാണ് മന്ത്രിയുടെ പ്രഖ്യാപനം.
തുടക്കത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്, കോട്ടയം, തിരുവല്ല ഭാഗത്തേക്ക് സർവീസ് പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കും. ഇതിനായി 16 ബസ്സുകൾ ഉടൻ സജ്ജീകരിക്കും. വാഹനങ്ങളിൽ ബാഗേജുകൾ വയ്ക്കുന്നതിന് കൂടുതൽ സൗകര്യം ഉള്ളതിനാൽ യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിന്ന് വീട്ടിലേക്കുള്ള യാത്ര സുഗമമാകും.
യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ്സുകൾ നിർത്തും. ഇതുമൂലം യാത്രക്കാർക്ക് സാമ്പത്തിക ലാഭവും കെഎസ്ആർടിസിക്ക് നേട്ടവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
അതുപോലെ കെഎസ്ആർടിസി സംസ്ഥാനത്ത് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സുകൾ സർവീസ് ആരംഭിക്കും. അതിനായി 40 ബസ്സുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഇതിൽ പത്തെണ്ണം അടുത്തയാഴ്ച മുതൽ ഓടിത്തുടങ്ങും.
വൈഫൈ, മൊബൈൽ ചാർജിങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വാഹനത്തിൽ ഉണ്ടാകും. ദീർഘദൂര ബസ്സുകളിൽ സ്നാക്സ് ഷോപ്പുകൾ പ്രവർത്തനം ആരംഭിക്കും. ഡ്രൈവിംഗ് ലൈസൻസ് പൂർണമായി ഡിജിറ്റലൈസ് ചെയ്യും.
ഒക്ടോബർ 2 മുതൽ കെഎസ്ആർടിസി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാർച്ച് 30 നു മുമ്പ് എല്ലാ ബസ്സുകളും ,ബസ് സ്റ്റേഷനുകളും പൂർണ്ണമായി മാലിന്യമുക്തമാക്കും. അതിനായി പ്രത്യേകം ഒരു ഹൗസ് കീപ്പിംഗ് ഓഫീസറെ നിയമിച്ചു കഴിഞ്ഞു.
പ്രസിഡൻറ് നോബിൾ കരോട്ടുപാറ അധ്യക്ഷത വഹിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര, സിനിമ നടനും നിർമ്മാതാവുമായ തോമസ് തിരുവല്ല , ഡോ. മനു കുളത്തുങ്കൽ, നൗഷാദ് ഹനീഫ, റെജി തോമസ് എന്നിവർ പ്രസംഗിച്ചു.
ഈ വർഷത്തെ കെയർ പുരസ്കാരങ്ങൾ നിസാർ സയ്ദ്, തങ്കച്ചൻ മണ്ണൂർ, ജോളി ജോർജ് എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. കഴിഞ്ഞ അധ്യാന വർഷം പ്ലസ് ടു ,പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പരിപാടിയിൽ ആദരിച്ചു.
സാംസ്കാരിക ഘോഷയാത്ര, അത്തപ്പൂക്കളം ,ചെണ്ടമേളം , തിറയാട്ടം, കാവടിയാട്ടം, മയിലാട്ടം, പുലികളി, തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്, ക്ലാസിക് നൃത്തങ്ങൾ, വടംവലി, ഓണസദ്യ ഉൾപ്പെടെയുള്ള പരിപാടികൾ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു.
700 ഓളം ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ് കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻ.