കുടുംബപ്രശ്‌നങ്ങളെ തുടർന്ന്‌ മലയാളി യുവാവ് പ്രസ്റ്റണിൽ ആത്മഹത്യ ചെയ്തു; കുടുബ വഴക്കിനെ തുടർന്ന് രണ്ടു ദിവസം ജയിലിൽ,  പുറത്തിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി;  വിടപറഞ്ഞത് പ്രസ്റ്റണിലെ അനീഷ് ജോയ്

New Update
0963683f-d2df-46c6-9de8-5ccc70d04637

പ്രസ്റ്റണ്‍: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്നു തുടർ മരണങ്ങളിൽ യു കെ മലയാളികൾ വിറങ്ങലിച്ചു നിൽക്കവേയാണ് പ്രസ്റ്റണിൽ മലയാളി യുവാവിന്റെ ആത്മഹത്യ വാർത്ത ഇടിത്തീ പോലെ എത്തുന്നത്. റെഡ്ഡിച്ചിലെ സോണിയ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് റോണി ആത്മഹത്യചെയ്‌തെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ആദ്യം, പിന്നാലെ അർബുദ രോഗ ബാധിതയായ ബിന്ദു വിമലും മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയും എത്തി. ഇപ്പോഴിതാ, പ്രസ്റ്റണിലെ മലയാളി യുവാവ് അനീഷ് ജോയ് കുടുംബ പ്രശ്നങ്ങളെ തുടർന്നു ആത്മഹത്യ ചെയ്തുവെന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. 

Advertisment

നാട്ടില്‍ ഇടുക്കി കട്ടപ്പന സ്വദേശിയായ അനീഷ് ജോയ് നാലു വര്‍ഷം മുൻപാണ് യു കെയിലേക്ക് കുടിയേറിയത്. കുടുംബസമേതം പ്രസ്റ്റണിലാണ് കഴിഞ്ഞിരുന്നത്. രണ്ടു മക്കളുടെ പിതാവായ അനീഷ് ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്‍എച്ച്എസ് നഴ്‌സാണ്.

മദ്യാസക്തിയും അനുബന്ധ പ്രശ്‌നങ്ങളും മൂലം  വിഷമതയിലായിരുന്ന അനീഷ് മെന്റല്‍ ഹെല്‍ത്ത് സെന്ററിൽ ചികിത്സ തേടിയിരുന്നു. അതിനിടെ,  ഒരാഴച മുമ്പ് വീട്ടില്‍ വച്ച് കുടുംബ പ്രശ്‌നങ്ങളുണ്ടാവുകയും ഭയന്നു പോയ മക്കൾ സഹായത്തിനായി പൊലീസിനെ വിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് അനീഷിനെ അറസ്റ്റു ചെയ്യുകയും രണ്ടു ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. 

മൂന്നു മാസത്തേക്ക് കുടുംബവുമായി യാതൊരു ബന്ധവും പാടില്ലെന്ന ഉറപ്പിന്മേൽ ജാമ്യം ലഭിച്ച അനീഷ്, വാടക മുറിയെടുത്ത് മാറുകയായിരുന്നു.  കഴിഞ്ഞ ദിവസം വൈകിട്ടോടെ ഫോണില്‍ വിളിച്ചിട്ട് വിവരം ലഭിക്കാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിക്കുകയും മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് അനീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അനീഷ് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള അനീഷിന്റെ ആഗ്രഹവും അന്ത്യോപചാര ചടങ്ങുകളും സംബന്ധിച്ചുള്ള കാര്യങ്ങളാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.

Advertisment