വാഷിംഗ്ടണ്‍: 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉടന്‍ അവസാനിക്കാനുള്ള സാധ്യതയില്ല.
ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിനായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. അമേരിക്ക ഉടന്‍ തന്നെ ഉക്രെയ്‌നിലേക്ക് ആയുധങ്ങള്‍ അയയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു, 'എല്ലാവര്‍ക്കും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട്. അതിനാല്‍ അമേരിക്ക ഉക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കും.'
ജൂലൈ 3-ന് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം നടത്തി.
വെടിനിര്‍ത്തലിന് വേണ്ടി പുടിനെ സമ്മതിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചെങ്കിലും, ഉക്രെയ്ന്‍ നാറ്റോയില്‍ ചേരാനുള്ള ശ്രമം ഉപേക്ഷിച്ചാല്‍ മാത്രമേ വെടിനിര്‍ത്തലിനായി റഷ്യ തയ്യാറാകൂ എന്ന നിലപാടിലാണ് പുടിന്‍.
യുദ്ധം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ജൂലൈ 3-ന് ഒരു മുതിര്‍ന്ന ഉക്രേനിയന്‍ ജനറല്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അതിന് പിന്നാലെ, ജൂലൈ 3-4 രാത്രിയില്‍ റഷ്യ 539 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉക്രെയ്‌നിലേക്ക് പ്രയോഗിച്ചു. ഇതില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു.