കീവ്: യുക്രെയില്‍ തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 149 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കീവിലെ കുട്ടികളുടെ ആശുപത്രിയും ആക്രമണത്തിന് ഇരയായി.
മൂന്നോളം കുട്ടികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ അനുശോചിച്ചും റഷ്യയെ കുറ്റപ്പെടുത്തിയും പാശ്ചാത്യ, യുഎന്‍ നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
റഷ്യന്‍ ആക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
ആളുകള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരെ, പൊതുവെ മനുഷ്യത്വത്തിനെതിരെയുളള വലിയ ആക്രമണമാണ് റഷ്യ നല്‍കിയിരിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും റഷ്യ മറുപടി പറയേണ്ടി വരും എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
2022 ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തിനു ശേഷം യുക്രെയിനിന്റെ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്.