ചെന്നൈ: നവജാതശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിക്കുകയും ആ ദൃശ്യങ്ങള്‍ തന്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുട്യൂബര്‍ ഇര്‍ഫാന്‍ മാപ്പ് പറഞ്ഞു.
താന്‍ ഒരു ദുരുദ്ദേശ്യത്തോടെയും ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കല്‍ നിയമങ്ങളെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിനു നല്‍കിയ വിശദീകരണക്കത്തില്‍ ഇര്‍ഫാന്‍ വ്യക്തമാക്കി.
നിലവില്‍ ഇര്‍ഫാന്‍ വിദേശത്താണ്. ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ഡോക്ടര്‍മാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇര്‍ഫാന്‍ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു പിന്നീട് വിവാദമായത്.
അതേസമയം, ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ നവജാതശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോ സ്ട്രീമിംഗ് സൈറ്റില്‍ ഇട്ട യൂട്യൂബര്‍ ഇര്‍ഫാന്‍ മെഡിക്കല്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ അപലപിച്ചു. യൂട്യൂബര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. നോണ്‍-മെഡിക്കല്‍ വ്യക്തികള്‍ ഇത്തരമൊരു നടപടിക്രമം നടത്തുന്നത് ദേശീയ മെഡിക്കല്‍ നിയമങ്ങളുടെ ലംഘനമാണെന്ന് സുബ്രഹ്‌മണ്യന്‍ പറഞ്ഞു. ഇര്‍ഫാന്‍ ഓപ്പറേഷന്‍ റൂമില്‍ കയറി പൊക്കിള്‍ക്കൊടി മുറിച്ചത് മെഡിക്കല്‍ പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.