ജനീവ: ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ സമിതി പ്രമേയം. അമേരിക്ക വീറ്റോ ചെയ്യാതെ വിട്ടുനിന്നു.
കഴിഞ്ഞ തവണ ഇത്തരമൊരു പ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ വീറ്റോ ചെയ്തിരുന്നു യുഎസ്. ഇസ്രായേലിനോടുള്ള യുഎസ്സിനുള്ള സമീപനത്തില്‍ വന്ന മാറ്റമാണ് പ്രമേയം പാസാക്കുന്ന കാര്യത്തിലും കണ്ടത്.
പ്രമേയത്തെ പിന്തുണച്ചില്ലെങ്കിലും യുഎസ് വീറ്റോ ചെയ്യാതിരുന്നത് ഇസ്രായേലിന് തിരിച്ചടിയാണ്. നേരത്തെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരുപറഞ്ഞാലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.
അതേസമയം യുദ്ധം ആരംഭിച്ച് അഞ്ച് മാസത്തിന് ശേഷമാണ് യുഎന്‍ സുരക്ഷാ സമിതി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആദ്യമായി പറയുന്നത്. സുരക്ഷാ കൗണ്‍സിലില്‍ ബാക്കിയുള്ള പതിനാല് അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. റമദാന്‍ വ്രതത്തിന്റെ മാസത്തില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മേഖലയില്‍ സ്ഥിരമായുള്ള വെടിനിര്‍ത്തലിനും, ബന്ദികളെ ഹമാസ് വിട്ടയക്കുന്നതിനും മുന്‍കൈയ്യെടുക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. അറബ് ബ്ലോക്കിന്റെ സുരക്ഷാ കൗണ്‍സിലിലെ ഇപ്പോഴത്തെ അംഗമായ അല്‍ജീരിയയാണ് ഈ പ്രമേയം കൊണ്ടുവന്നത്. സ്ലോവേനിയ, സ്വിറ്റ്‌സര്‍ലന്റ് പോലുള്ളവര്‍ ഇതിനെ പിന്തുണച്ചിരുന്നു.മുമ്ബ് ഇത്തരത്തില്‍ ഗാസ വിഷയത്തില്‍ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ നോക്കിയപ്പോഴെല്ലാം അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയിരുന്നു.